ദുബായ്: ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് ജൂണിലും തുടരും. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍   അനിശ്ചിത കാല വിലക്ക് ജൂണ്‍ മാസത്തില്‍ അവസാനിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ പതിനാലു വരെ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് സ്ഥിരീകരിച്ചു.  

പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കം അനിശ്ചിതമായി നീളുമെന്ന് സൂചന നല്‍കുന്നതാണ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സിന്റെ ഉത്തരവ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ജൂണ്‍ പതിനാലു വരെ പ്രവേശനം ഉണ്ടാകില്ല.  അനിശ്ചിതകാല വിലക്ക് മേയ് അവസാനത്തോടെ തീരുമെന്ന കണക്കു കൂട്ടലില്‍ വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്നതിനാല്‍ യുഎഇ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

അതിനിടയിലാണ് ജൂണ്‍ പതിനാല് വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് നേരിട്ട് വിമാന യാത്ര അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചത്. ജൂണ്‍ പതിനാലിന് ശേഷമുള്ള കാര്യങ്ങള്‍ ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ നോക്കിയശേഷം തീരുമാനിക്കുക. കേരളത്തില്‍ നിന്ന് ബഹറൈന്‍ വഴി ഒട്ടനവധി പ്രവാസികള്‍ യുഎഇയില്‍ എത്തുയിരുന്നു. എന്നാല്‍ യുഎഇയിലേക്ക് പ്രവേശിക്കുക എന്ന ഉദ്ദേശത്തോടെ വിസിറ്റ് വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ബഹറിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നേരിട്ടുള്ള പ്രവേശന വിലക്ക് മറികടക്കാന്‍ പല പ്രവാസികളും ഇപ്പോള്‍ അര്‍മേനിയ,  ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ രണ്ടാഴ്ച ക്വറന്റീന്‍ പൂര്‍ത്തിയാക്കി യുഎഇയില്‍ എത്താം. എന്നാല്‍ ആ രാജ്യക്കാര്‍ക്ക് കൂടി വിലക്ക് വരാനുള്ള സാധ്യതയുള്ളതിനാല്‍ അത്തരരത്തിലുള്ള യാത്ര ഗുണകരമല്ല എന്നാണ് യാത്ര മേഖലയിലെ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Content Highlights: UAE extends ban on entry of travelers coming from India