റാസൽഖൈമ : കഴിഞ്ഞ ഓഗസ്റ്റ് നാലിന് റാസൽഖൈമയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് കോഴിക്കോട് ഫറോക്ക് പനങ്ങാട്ട് സന്ദീപ് (42) ആണെന്നു തിരിച്ചറിഞ്ഞു.

ജൂലായ് 15 മുതൽ താമസസ്ഥലത്തുനിന്ന്‌ കാണാതായതിനെ തുടർന്ന് ഇയാൾ ജോലി ചെയ്തിരുന്ന ബുർജ് അൽ ആഖ്‌റാബ് കോൺട്രാക്ടിങ് കമ്പനി അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് നാലിന് റാസൽഖൈമ സൈഫ് ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് ദിവസങ്ങൾ പഴക്കം ചെന്ന നിലയിൽ മൃതദേഹം പോലീസ് കണ്ടെടുത്തത്.

ആളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ വിരലടയാളം ശേഖരിച്ച് ഫൊറൻസിക് പരിശോധനകൾക്ക് ശേഷമാണ് കാണാതായ സന്ദീപാണ് മരിച്ചതെന്നു സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ റാസൽഖൈമയിൽ ജോലി ചെയ്തുവരുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടർന്ന് കമ്പനി അധികൃതർ ഇന്ത്യൻ കോൺസുലെറ്റിന്റെ റാസൽഖൈമയിലെ സേവനകേന്ദ്രമായ ഇന്ത്യൻ റിലീഫ് കമ്മിറ്റിയെ സമീപിച്ചു. തുടർന്ന് ഐ.ആർ.സി. പ്രതിനിധി പുഷ്പൻ ഗോവിന്ദന്റെ നേതൃത്വത്തിൽ നിയമനടപടി പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രിയിൽ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്‌ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോയി.

കോഴിക്കോട് പനങ്ങാട്ട് സോമനാഥൻ - മാലിനി ദമ്പതിമാരുടെ മകനാണ്. ഭാര്യ : ശ്രീകല, മക്കൾ: വൈശാഖ്, അനാമിക.