ദുബായ്: യു.എ.ഇ. യും ചൈനയും തമ്മിൽ വമ്പിച്ച നിക്ഷേപ- വ്യാപാര കരാറുകൾ പ്രാബല്യത്തിൽ. 3.4 ബില്യൻ ഡോളറിന്റെ നിക്ഷേപ- വ്യാപാര കരാറുകളിലാണ് ഇരു രാജ്യങ്ങളും എത്തിയിരിക്കുന്നത്.

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ നടക്കുന്ന ചൈനയുടെ ബെൽട്ട് ആൻഡ് റോഡ് സമ്മേളനത്തിൽ സംബന്ധിക്കുന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലായിരുന്നു ചൈനാ ഭരണനേതൃത്വവുമായുള്ള ചർച്ചകളും കരാറുകളും.

ദുബായിൽ അടുത്തവർഷം ആരംഭിക്കുന്ന എക്സ്‌പോ 2020 പദ്ധതി പ്രദേശത്തിനടുത്തായി ചൈനയുമായിചേർന്ന് സ്ഥാപിക്കുന്ന ട്രേഡേർസ് മാർക്കറ്റാണ് ഇതിൽ പ്രധാനം. 60 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലായിരിക്കും ട്രേഡേർസ് മാർക്കറ്റ്. ലോകമാകെ എത്തിക്കാനുള്ള ഉത്പന്നങ്ങൾ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങൾക്കായി ചൈന ഇവിടെ 2.4 ബില്യൻ ഡോളർ മുതൽ മുടക്കും. ജബൽ അലി തുറമുഖം വഴിയായിരിക്കും ചൈനീസ് ഉത്‌പന്നങ്ങളുടെ യാത്രകൾ. എക്സ്‌പോ 2020 വേദിക്കടുത്തായി ശൈഖ് മൊഹമ്മദ് ബിൻ സായിദ് റോഡിലായിരിക്കും ട്രേഡേർസ് മാർക്കറ്റ്. 60 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്തായിരിക്കും ഈ മാർക്കറ്റ്.

ചൈന- അറബ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ ഒരു ബില്യൻ ഡോളർ ചെലവിൽ പച്ചക്കറി കൊട്ട എന്നർത്ഥം വരുന്ന വെജിറ്റബിൾ ബാസ്‌കറ്റ് നിർമാണമാണ് മറ്റൊരു പദ്ധതി. പുതിയ സിൽക്ക് റോഡ് പാതയിലെ കാർഷിക, മത്സ്യ, മാംസ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനും സൂക്ഷിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനമായിരിക്കും ഇവിടെ ഒരുക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ ഇവിടെനിന്ന് കയറ്റിയയയ്ക്കും.

യു.എ.ഇ. യിലെയും ചൈനയിലെയും വിവിധ കമ്പനികൾ തമ്മിലുള്ള കരാറുകൾ കൈമാറിയശേഷമായിരുന്നു ശൈഖ് മുഹമ്മദിന്റെ ഈ പ്രഖ്യാപനങ്ങൾ. ചൈനയിലെ യിവു എന്ന കമ്പനിയായിരിക്കും ട്രേഡേർസ് മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നത്. നേരത്തേ ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാനുമായി ശൈഖ് മുഹമ്മദ് ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകളിൽ ധാരണയായി. ഡി.പി. വേൾഡ് ഗ്രൂപ്പ് ചെയർമാൻ സുൽത്താൻ ബിൻ സുലായം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്‌സ് ഗ്രൂപ്പ് സി.ഇ.ഒ. യുമായ ശൈഖ് അഹമദ് ബിൻ സയീദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മൊഹമ്മദ് അൽ ഗർഗാവി, സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സായിദ് അൽ മൻസൂറി തുടങ്ങി നിരവധി പ്രമുഖർ ശൈഖ് മുഹമ്മദിനൊപ്പം ചൈനാ പര്യടനത്തിൽ പങ്കെടുക്കുന്നുണ്ട്.

Content Highlights: Uae china investment deals