അബുദാബി: യു.എ.ഇ. ലക്ഷ്യമിട്ട് ബിറ്റ് കോയിനിന്റെ പേരിൽ ഫെയ്‌സ്ബുക്ക് വഴി ഓൺലൈൻ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിന് ഫെയ്‌സ്ബുക്ക് പൂട്ടിട്ടു.

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പേരിൽ വ്യാജവാർത്തകൾ ചമച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമംനടന്നത്. ശൈഖ് മുഹമ്മദ് തുടക്കംകുറിച്ച പദ്ധതിയെന്ന പേരിലാണ് തട്ടിപ്പു സംഘം ഇത് പ്രചരിപ്പിച്ചത്. ഇതിനായി ശൈഖ് മുഹമ്മദിന്റെ ചിത്രവും പങ്കുവെച്ചു. 918 ദിർഹം അല്ലെങ്കിൽ 250 യു.എസ്. ഡോളർ നിക്ഷേപിച്ച് ഏഴ് ദിവസത്തിനകം ധനവാനാവാം എന്ന തരത്തിലായിരുന്നു പ്രചാരണം.

ഒട്ടേറെ പേർ പദ്ധതിയിൽ പണം നിക്ഷേപിക്കുകയും സ്വകാര്യ നമ്പറും മെയിൽ വിലാസവും തട്ടിപ്പുകാരുമായി പങ്കുവെക്കുകയും ചെയ്തു. യുക്രൈൻ, അർജന്റീന എന്നിവിടങ്ങളിൽനിന്നാണ് ഈ ഫെയ്‌സ്ബുക്ക് പേജ് നിയന്ത്രിച്ചിരുന്നത്. തുടർന്ന് ഈ പേജ് ഫെയ്‌സ്ബുക്ക് തന്നെ നീക്കം ചെയ്യുകയായിരുന്നു. ഓൺലൈനായോ സാമൂഹികമാധ്യമങ്ങൾ വഴിയോ സംഭാവനകൾ ആവശ്യപ്പെടുകയോ, നിക്ഷേപപദ്ധതികൾ വിവരിക്കുകയോ ചെയ്താൽ അവയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ആളുകൾ തയ്യാറാവണമെന്ന് അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നൽകി.