അബുദാബി: ആഗോള ക്രൈസ്തവ സഭാധ്യക്ഷൻ പോപ് ഫ്രാൻസിസും അൽ അഹ്‌സർ ഗ്രാൻഡ് ഇമാം പ്രൊഫ. അഹമ്മദ് അൽ ത്വയ്യിബും മാനവസാഹോദര്യത്തിനുള്ള സായിദ് പുരസ്കാരം സ്വീകരിച്ചു. മേഖലയിലെ സമാധാനം ലക്ഷ്യമിട്ടുകൊണ്ട് യു.എ.ഇ. സംഘടിപ്പിച്ച വിശ്വമാനവ സംഗമത്തിന്റെ ഭാഗമായി ഇരുവരും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണിത്. മാനവക്ഷേമവും സമാധാനപരമായ സഹവാസവും ഉറപ്പാക്കുന്നതിനായി സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്നവർക്കാണ് ഈ അംഗീകാരം നൽകുന്നത്.

അബുദാബിയിൽ 2019 ഫെബ്രുവരിയിൽ നടന്ന വിശ്വമാനവ സമ്മേളനത്തോടനുബന്ധിച്ചാണ് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ഇരു മതനേതാക്കളും മാനവ സാഹോദര്യ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പോപ് ഫ്രാൻസിസും അഹമ്മദ് അൽ ത്വയ്യിബും പുരസ്കാരത്തിലുള്ള സന്തോഷം പങ്കുവെച്ചു. ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ (എച്ച്.സി.എച്ച്.എഫ്.) സമാധാന ശ്രമങ്ങൾ സന്തോഷം പകരുന്നതാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

ലോകത്തിലെ സമാധാന, സേവന, സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നവരുടെ സ്വതന്ത്ര കമ്മിറ്റി രൂപവത്‌കരിച്ച് എല്ലാ വർഷവും സായിദ് മാനവസാഹോദര്യ പുരസ്കാരം നൽകുമെന്ന് എച്ച്.സി.എച്ച്.എഫ്. അറിയിച്ചു.