ഷാർജ: അഭിനയത്തിന്റെ കുലപതി മാത്രമല്ല അടിമുടി കലാകാരനായിരുന്ന നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിന്റെ നാല്പതാംവർഷം ആഘോഷിച്ച ഓർമയിലാണ് നെടുമുടിയെ സ്നേഹിക്കുന്ന പ്രവാസികളും. 2018- ലാണ് ദുബായ് ഇന്ത്യൻ അക്കാദമി സ്കൂളിൽ ചങ്ങനാശേരി എൻ.എസ്.എസ്. കോളേജ് അലംനിയുടെ നേതൃത്വത്തിൽ നെടുമുടി വേണുവിന്റെ കലാജീവിതത്തിന്റെ നാലുപതിറ്റാണ്ട് വിപുലമായി ആഘോഷിച്ചത്. അഭിനയത്തിന്റെ 50 വർഷം ആഘോഷിക്കാനും യു.എ.ഇ.യിലെത്തുമെന്ന് അന്നത്തെ ചടങ്ങിൽ നെടുമുടി പറഞ്ഞതും പലരുമോർക്കുന്നു. അവസാനമായി നെടുമുടി വേണു യു.എ.ഇ.യിലെത്തിയതും ആ ചടങ്ങിനായിരുന്നു. അങ്കമാലി എൻ.ആർ.ഐ. അസോസിയേഷൻ ആഘോഷത്തിനടക്കം പലതവണയായി നെടുമുടി അതിനുമുമ്പും യു.എ.ഇ.യിൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കളായ കണ്ണനും ഉണ്ണിയും ജോലിചെയ്യുന്നതും യു.എ.ഇ.യിലാണ്. കണ്ണൻ ഷാർജ നാഷണൽ പെയിന്റ് കമ്പനിയിലായിരുന്നു രണ്ടുവർഷമായി ജോലി ചെയ്തത്. നെടുമുടി ഗുരുതരാവസ്ഥയിലാണ് എന്നറിഞ്ഞതിനാൽ ഞായറാഴ്ച കണ്ണൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാഷണൽ പെയിന്റിലെ ജോലി ഉപേക്ഷിച്ചാണ് വിസ റദ്ദാക്കി നെടുമുടിയുടെ മകൻ നാട്ടിലേക്കു മടങ്ങിയത്. നാഷണൽ പെയിന്റിലെ സെയിൽസ് മാനേജർ വി.പി. ശ്രീകുമാർ, സാംസ്കാരിക പ്രവർത്തകൻ മോഹൻ കാവാലം അടക്കം ഒട്ടേറെ അടുത്ത സുഹൃത്തുക്കളും നെടുമുടി വേണുവിന് യു.എ.ഇ.യിലുണ്ട്. ഫോണിൽ ഇടയ്ക്കിടെ സുഖാന്വേഷണം നടത്തുന്ന ഉറ്റസുഹൃത്തിന്റെ ആകസ്മിക വേർപാടിന്റെ വേദനയിലാണവർ.

വേർപാടിന്റെ വേദനയിൽ സലിം അഹമ്മദ്

ദുബായ്: ചലച്ചിത്രലോകത്ത് നെടുമുടി വേണുവിന് ഗുരുസ്ഥാനമാണ് സങ്കൽപ്പിച്ചതെന്ന് സംവിധായകൻ സലിം അഹമ്മദ് ദുബായിൽ പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യചിത്രമായ ‘ആദാമിന്റെ മകൻ അബു’ വിൽ ശ്രദ്ധേയമായ വേഷത്തിൽ നെടുമുടി വേണു അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നെടുമുടി അഭിനയിച്ച രംഗത്തെ ഓർമിപ്പിക്കുംവിധം ജീവിതത്തിലും അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ടെന്നും ആദ്യചിത്രമടക്കം എല്ലാ കലാസംരംഭങ്ങളും വിജയം നേടുമെന്ന നെടുമുടിയുടെ അനുഗ്രഹം എന്നും മനസ്സിലുണ്ടാവുമെന്നും സലിം അഹമ്മദ് പറഞ്ഞു.

ഐ.എം.സി.സി. അനുശോചിച്ചു

ദുബായ്: നെടുമുടി വേണുവിന്റെ നിര്യാണത്തിൽ യു.എ.ഇ.ഐ. എം.സി.സി. ജനറൽ സെക്രട്ടറി ഖാൻപാറയിൽ അനുശോചിച്ചു. മലയാള ചലച്ചിത്രലോകത്തെ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. നാടകരംഗത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് തീരാ നഷ്ടമാണന്ന് ഖാൻപാറയിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.