ദുബായ്: ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന് കീഴിൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ഓങ്കോളജി ഡിപ്പാർട്ട്‌മെന്റ് തിങ്കളാഴ്ച പ്രവർത്തനമാരംഭിച്ചു. ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ, നടി മംമ്താ മോഹൻദാസ്, യു.എ.ഇ. ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ളിനിക്‌സ് സി.ഇ.ഒ. ഡോ. ഷെർബാസ് ബിച്ചു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ലോകോത്തര നിലവാരമുള്ള കാൻസർ കെയർ തെറാപ്പികളാണ് ഇവിടെ ലഭ്യമാക്കുക. മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. പ്രണയ് തവോറിയും സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ശിവപ്രകാശ് രത്തനസ്വാമിയുമാണ് ലോകമെമ്പാടുമുള്ള 'ട്യൂമർ ബോർഡ്' അംഗങ്ങൾക്കൊപ്പം ഓങ്കോളജി ഡിപ്പാർട്ട്‌മെന്റിനെ നയിക്കുന്നത്.

മൾട്ടി ഡിസിപ്ളിനറി ട്രീറ്റ്‌മെന്റുകളുടെ പിന്തുണയോടെയുള്ള വൈദ്യ സാങ്കേതികതയിലെ ക്ലിനിക്കൽ വൈദഗ്ധ്യവും മികവുമാണ് പുതിയ ആസ്റ്റർ ഓങ്കോളജി സെന്ററിനെ വേറിട്ടതാക്കുന്നത്. ലോകത്ത് നിലവിൽ അത്തരമൊരു കാൻസർ പരിചരണ സമീപനം സവിശേഷമായതാണെന്ന് അലീഷാ മൂപ്പൻ പറഞ്ഞു. ഓങ്കോളജി സെന്ററിൽ അനുകമ്പാപൂർണവും വ്യക്തിപരവുമായ സമീപനത്തോടെയുള്ള മെഡിക്കൽ ഇടപെടലുകളുടെ ശരിയായ സംയോജനം ആസ്റ്ററിനുണ്ടെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. നിലവിൽ 150 കിടക്കകളുള്ള ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിന് പുതുതായി ഏർപ്പെടുത്തിയ സമഗ്ര കാൻസർ പരിചരണ യൂണിറ്റ് ഒരു മൂല്യവർധിത സൗകര്യമാണെന്ന് ഡോ. ഷെർബാസ് ബിച്ചു പറഞ്ഞു.