ദുബായ് : യു.എ.ഇ.യിലെ 93 ശതമാനം പേരും രാജ്യത്ത് താമസിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് സമൂഹവികസന മന്ത്രാലയത്തിന്റെ സർവേഫലം. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിൽ രാജ്യത്ത് ഏറെ സുരക്ഷിതത്വമുള്ളതായി 92 ശതമാനം പേർ അഭിപ്രായപ്പെട്ടു. 82 ശതമാനം സർക്കാർസേവനങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ചു.
15 വയസ്സും അതിനുമുകളിലുമുള്ള 10,000 പേരെ ലക്ഷ്യമിട്ടായിരുന്നു സർവേ. 82 ശതമാനം ആളുകളും കുടുംബബന്ധങ്ങളിൽ സന്തുഷ്ടരാണ്. 88 ശതമാനം പേർക്ക് നല്ല ആശയവിനിമയ വൈദഗ്ധ്യമുണ്ടെന്നും സർവേ സൂചിപ്പിച്ചു. രാജ്യത്തെ ജനസംഖ്യയിൽ 84 ശതമാനവും ശുഭാപ്തിവിശ്വാസമുള്ളവരാണ്.
2020 ഫെബ്രുവരിയിലാണ് കമ്യൂണിറ്റി മന്ത്രാലയം സർവേ തുടങ്ങിയത്. വിദ്യാർഥികൾ, മുതിർന്നപൗരൻമാർ, നിശ്ചയദാർഢ്യമുള്ളവർ, തൊഴിൽനഷ്ടപ്പെട്ടവർ, വീട്ടമ്മമാർ, ജോലിചെയ്യുന്ന സ്ത്രീകൾ എന്നിവരുൾപ്പെടെയുള്ളവർ സർവേയിൽ പങ്കെടുത്തു.
സുപ്രധാനമായ ഏഴുമേഖലകളിലെ യു.എ.ഇ. സമൂഹത്തിന്റെ ക്ഷേമനിലവാരം അളക്കുന്നതിനാണ് സർവേ ലക്ഷ്യമിട്ടതെന്ന് മന്ത്രി ഹെസ്സ എസ്സ ബുഹമദ് പറഞ്ഞു.