ദുബായ് : യു.എ.ഇ.യിൽ ശക്തമായമൂടൽമഞ്ഞ് തുടരുന്നു. ഞായറാഴ്ച രാവിലെ ദുബായ്, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ പരസ്പരം കാണാനാവാത്തവിധത്തിൽ മഞ്ഞ് മൂടിക്കിടന്നു. രാവിലെ അഞ്ച് മണിമുതൽ ഒമ്പതുമണിവരെയും ഇതേ കാലാവസ്ഥയായിരുന്നു. ഏഴ് ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞതാപനില. പലയിടത്തും റെഡ് അലേർട്ടും നൽകിയിരുന്നു.
ദൂരക്കാഴ്ച 1000 മീറ്റർവരെ കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ഗതാഗതതടസ്സവും ഉണ്ടായി. ദുബായിൽ 24 ഓളം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടെണ്ണം ഗുരുതരമായിരുന്നതായി ദുബായ് പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വ്യക്തമാക്കി.
1810 ഓളം അടിയന്തര ഫോൺ കോളുകളും ലഭിച്ചതായി ഡയറക്ടർ ഓഫ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ദുബായ് പോലീസ് കേണൽ തുർക്കി അബ്ദുറഹ്മാൻ ബിൻ ഫറാസ് പറഞ്ഞു.
ഈ മാസം തുടക്കത്തിൽ ലഭിച്ചതിനേക്കാൾ 30 ശതമാനം അധികം കോളുകൾ ലഭിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി. മോശം കാലാവസ്ഥയിൽ വാഹനവേഗത കുറയ്ക്കണം. സുരക്ഷിതമായ അകലവും പാലിക്കണം.
തണുപ്പിന് കാഠിന്യമേറി
തണുപ്പിന്റെ കാഠിന്യം ദിനംപ്രതി കൂടിവരികയാണ് യു.എ.ഇ.യിൽ. മുറിയിൽ ജനാലകൾ അടച്ചിരുന്നാലും തണുപ്പ് അരിച്ചിറങ്ങുന്ന അവസ്ഥയാണ്.
രാവിലെയും രാത്രിയും മാത്രം അനുഭവപ്പെട്ടിരുന്ന തീവ്രമായ തണുപ്പ് ഇപ്പോൾ പതിയെ പകൽ മുഴുവനുമായിരിക്കുന്നു. നഗരത്തിനകത്തും പുറത്തുമെല്ലാം അവസ്ഥ ഇതുതന്നെയാണ്. തീരദേശങ്ങളിൽ ശീതക്കാറ്റും വീശുന്നുണ്ട്. രാവിലെയും വൈകിട്ടും കുറച്ച് സമയം മാത്രമാണ് കാര്യമായി വെയിലുണ്ടാവുന്നത്.
അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ പുറത്തിറങ്ങി വെയിൽ കായുന്നവരുടെ എണ്ണം ഇപ്പോൾ കൂടി. രാവിലെ നോക്കുമ്പോൾ മഞ്ഞിൽ കുളിച്ചനിലയിൽ പാർക്കുചെയ്ത വാഹനങ്ങളുടെ ചിത്രം യു.എ.ഇ.യുടെ പലഭാഗങ്ങളിൽ നിന്നും കാണാനാവും. ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ജനുവരിയാണ് ഇതെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. മൈനസ് രണ്ടുവരെയാണ് യു.എ.ഇ.യിൽ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ താപനില. ചൂട് കൂടിയ സ്ഥലമെന്ന നിലക്കാണ് യു.എ.ഇ. അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ചൂടും തണുപ്പും ഒരുപോലെ അനുഭവപ്പെടുന്ന ഭൂപ്രദേശമായി മാറിക്കഴിഞ്ഞു.
ക്യമ്പിങ്, ഓഫ്‌റോഡിങ്, കയാക്കിങ്, സൈക്ലിങ്, മലകയറ്റം തുടങ്ങി നിരവധി പുതിയ കായികവിനോദങ്ങൾ കൂടി സജീവമായ സമയമാണിത്. കൂടുതൽപ്പേരാണ് ഇത്തരം വിനോദങ്ങൾക്കായി വിവിധകേന്ദ്രങ്ങളിൽ എത്തുന്നത്. ക്യാമ്പിങ് ഉപകരണങ്ങളായ മടക്കിസൂക്ഷിക്കാവുന്ന ചെറിയ കൂടാരങ്ങൾ, ഉറങ്ങാൻ ഉപയോഗിക്കുന്ന ബാഗുകൾ, കസേരകൾ, ബാർബിക്യൂ സെറ്റുകൾ, കരി, വിറക് തുടങ്ങിയയെല്ലാം വിൽക്കുന്ന കേന്ദ്രങ്ങളിൽ റെക്കോഡ് കച്ചവടമാണ് ഈ സീസണിൽ നടക്കുന്നത്. പല സ്ഥലങ്ങളിലും ആവശ്യക്കാർക്ക് സാധനങ്ങൾ കൊടുക്കാൻ കഴിയാത്തവിധം തിരക്കാണ്. മരുഭൂമിയിലും കുന്നിൻമുകളിലുമെല്ലാം സംഘമായി ആഘോഷിക്കാൻ എത്തുന്നവരിൽ എല്ലാ പ്രായക്കാരും ഉൾപ്പെടും. ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ തണുപ്പ് കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.