അദീബ് അഹമ്മദ്, ലുലു എക്സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ : മാധ്യമരംഗത്തെ കുലപതിയും പ്രഗല്‌ഭ എഴുത്തുകാരനുമായ എം.പി. വീരേന്ദ്രകുമാറിന്റെ ദേഹവിയോഗം കേരളത്തിനും ഇന്ത്യക്കും തീരാനഷ്ടമാണ്. രാഷ്ട്രീയത്തിലും പൊതു സമൂഹത്തിന്റെ സമസ്ത മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. അവസാന നിമിഷംവരെ എഴുത്തും പ്രസംഗങ്ങളും രാഷ്ട്രീയ പ്രവർത്തനവുമായി അദ്ദേഹം സജീവമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാധ്യമങ്ങളെ അദ്ദേഹം സമരായുധമാക്കി. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരേ പുസ്തകങ്ങൾ എഴുതി. നേരിൽ കാണുമ്പോഴൊക്കെ പിതൃതുല്യമായ സ്നേഹം പങ്കുവെച്ചു. ആ വലിയ മനുഷ്യന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർപൂക്കൾ അർപ്പിക്കുന്നു.
ഡോ. ഷംഷീർ വയലിൽ, ചെയർമാൻ, വി.പി.എസ്. ഹെൽത്ത് കെയർബഹുമുഖ പ്രതിഭയായ രാഷ്ട്രീയനേതാവിനെയാണ് വീരേന്ദ്രകുമാർ എം.പി.യുടെ വിയോഗത്തിലൂടെ നഷ്ടമായത്. ബൗദ്ധിക-രാഷ്ട്രീയ രംഗങ്ങളിൽ ഒരേസമയം നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയും പാർലമെന്റേറിയനുമായ കാലയളവിൽ ഒട്ടേറെ മികച്ച തീരുമാനങ്ങൾ കൈക്കൊള്ളാൻ അദ്ദേഹത്തിന് പ്രേരണയായതും ഈ പ്രതിഭാശേഷിതന്നെ. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ രാജ്യത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് അദ്ദേഹം തുടർന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലും രാജ്യത്തെ വൈജ്ഞാനിക മണ്ഡലത്തിലും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കെ. മുരളീധരൻ, മാനേജിങ് ഡയറക്ടർ, എസ്.എഫ്.സി.എം.പി. വീരേന്ദ്രകുമാർ ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു. മുതിർന്ന കാരണവരുടെ സ്ഥാനമായിരുന്നു അദ്ദേഹത്തിന് എന്നും മനസ്സിൽ. രാഷ്ട്രീയവും ആത്മീയതയും സംഗമിക്കുന്ന അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അതിനൊപ്പംതന്നെ മികച്ച ഒരു മാധ്യമമേധാവിയും. ഈ മൂന്നു വിശേഷണങ്ങളുമുള്ള നേതാവ് കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. എട്ടുമാസം മുമ്പാണ് അവസാനമായി കണ്ടത്. ലോക്ഡൗൺ കാലത്തിനിടെ ഒരുവട്ടം ഫോണിൽ സംസാരിച്ചു. അന്ന് അദ്ദേഹം പങ്കുവെച്ചത് കോവിഡ് ലോകത്തിനുമേൽ പിടിമുറുക്കുന്നതിനെക്കുറിച്ചുള്ള ആകുലതയാണ്. മനുഷ്യനെച്ചൊല്ലി വേവലാതിപ്പെടുന്ന ഹൃദയമായിരുന്നു എന്നും അദ്ദേഹത്തിന്റേത്. വീരേന്ദ്രകുമാർ വിടപറയുമ്പോൾ അത് വിശ്വമാനവികതയുടെ നഷ്ടം തന്നെയാകുന്നു.
രാജൻ കൊളാവിപ്പാലം, ജനറൽ സെക്രട്ടറി, ജനത കൾച്ചറൽ സെന്റർമലയാളിയുടെ മതേതര ചിന്തകൾക്ക് സൂര്യപ്രഭയുള്ള ആശയങ്ങളുടെ ചിറകു നൽകിയ മഹാനായ നേതാവാണ് വീരേന്ദ്രകുമാർ. മതാതീത സ്നേഹ സൗഹൃദത്തിന്റെ തേൻതുള്ളികൾ വാരി വിതറുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും ‘രാമന്റെ ദുഃഖം’ മുതൽ ‘ഇരുൾ പരക്കുന്ന കാലം’ വരെയുള്ള അദ്ദേഹത്തിന്റെ രചനകളും. വിവിധ മത വിചാരധാരകൾ ലയിച്ചുചേർന്ന ഭാരത സംസ്കൃതിയിലെ മത സമന്വയത്തിന്റെ നക്ഷത്ര തേജസ്സിനെക്കുറിച്ച് പറയാൻ വിശ്രമത്തിന്റെ തണൽ തേടാതെ സഞ്ചരിച്ച നേതാവായിരുന്നു അദ്ദേഹം. നാട്ടിൽ പോകുമ്പോൾ ഗുരുതുല്യനായ അദ്ദേഹത്തെ എപ്പോഴും പോയി കാണാറുണ്ടായിരുന്നു. അനാരോഗ്യത്തിലും രാജ്യത്തെ വർഗീയ ഫാസിസത്തെക്കുറിച്ച് ഏറെ വിഷമത്തോടെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. മലയാളത്തിലെ ഏറെ പ്രശസ്തനായ പ്രഭാഷകനായിരുന്നു അദ്ദേഹം. അഗാധ പാണ്ഡിത്യവും ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള കഴിവും ഇത്രമേലുള്ള ഒരു നേതാവ് നമുക്ക് വേറെയില്ല. എല്ലാ രാഷ്ട്രീയക്കാരും സാകൂതം ശ്രവിക്കുന്ന ശബ്ദമായിരുന്നു അത്. തികഞ്ഞ മതേതര വാദി, ജീവിതാന്ത്യം വരെ കറകളഞ്ഞ സോഷ്യലിസ്റ്റ് എന്നീ മുഖമുദ്രയോടെയും അദ്ദേഹം നിലകൊണ്ടു.
ഐ.സി.എഫ്.
എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ഗൾഫ് കൗൺസിൽ അനുശോചിച്ചു. മനുഷ്യമഹത്ത്വം, ശാസ്ത്രഗതി, സംസ്കാരം, പരിസ്ഥിതി, സാഹിത്യം, രാഷ്ട്രമീമാംസ, ചരിത്രം, തത്ത്വശാസ്ത്രം, ധർമബോധം തുടങ്ങി മനുഷ്യജീവിതത്തോട് ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മതേതരത്വത്തിന്റെ ഉറച്ച വക്താവായി എക്കാലവും അദ്ദേഹം വാഴ്ത്തപ്പെടുമെന്ന് ഐ.സി.എഫ്. അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പുന്നക്കൻ മുഹമ്മദലി, ജനറൽ സെക്രട്ടറി, ഇൻകാസ് യു.എ.ഇ. സോഷ്യലിസ്റ്റ് നേതാവും രാജ്യസഭാ എം.പി.യുമായ വീരേന്ദ്രകുമാറിന്റെ വിയോഗം മതേതര ഇന്ത്യക്ക് കനത്ത നഷ്ടമാണ്. സാംസ്കാരിക രംഗത്തോടൊപ്പം, അക്ഷരങ്ങളെയും പ്രകൃതിയെയും ഏറെ സ്നേഹിച്ച വലിയ നേതാവായിരുന്നു അധികാരത്തിന്റെ പിന്നാലെ പോകാതെ ആദർശത്തിലും നിലപാടിലും ഉറച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം.
ജനത കൾച്ചറൽ സെന്റർ യു.എ.ഇ. കമ്മിറ്റി
രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സോഷ്യലിസ്റ്റ് ആശയ ദൃഢതയുടെ ആൾരൂപമായ വീരേന്ദ്രകുമാറിന്റെ വിയോഗം സോഷ്യലിസ്റ്റ് മതേതര ചേരിക്ക് തീരാ നഷ്ടമാണ്. മലയാളിയുടെ മതേതര ചിന്തകൾക്ക് സൂര്യപ്രഭയുള്ള ആശയങ്ങളുടെ ചിറകു നൽകിയ മഹാനായ നേതാവായിരുന്നു അദ്ദേഹം. വർഗീയ ഫാസിസത്തിനെതിരേ മലയാളിക്ക് ലഭ്യമായ ഏറ്റവും പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അക്ഷരങ്ങളുടെ പട നയിച്ച് അദ്ദേഹം സൃഷ്ടിച്ചത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, സംഘ പരിവാരിന്റെ ചെയ്തികളെ വിമർശിച്ചതിന്റെ പേരിൽ വധഭീഷണിപോലും നേരിടേണ്ടി വന്നു. സാമൂഹികരംഗത്തും തികഞ്ഞ മതേതര വാദി, ജീവിതാന്ത്യം വരെ കറകളഞ്ഞ സോഷ്യലിസ്റ്റ് എന്നീ മുഖമുദ്രയോടെയും അദ്ദേഹം നിലകൊണ്ടു.
കോഴിക്കോട് ജില്ലാ പ്രവാസി യു.എ.ഇ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മലബാറിനെ അടയാളപ്പെടുത്തിയ വീരേതിഹാസമായിരുന്നു വീരേന്ദ്രകുമാർ. ചിന്തകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി വാദി, സാമൂഹിക പരിഷ്കർത്താവ്, പത്ര പ്രവർത്തകൻ, ബിസിനസുകാരൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എല്ലാറ്റിനുമുപരി തികഞ്ഞ ഒരു മനുഷ്യസ്നേഹിയും. കോഴിക്കോടിന്റെ സർവതോൻമുഖമായ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. തികഞ്ഞ മതേതര വാദി, ജീവിതാന്ത്യം വരെ കറകളഞ്ഞ സോഷ്യലിസ്റ്റ് എന്നീ മുഖമുദ്രയോടെയും അദ്ദേഹം നിലകൊണ്ടു. പ്രസിഡന്റ് രാജൻ കൊളാവിപാലം, മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, ജമീൽ ലത്തീഫ്, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.
ദുബായ് പ്രിയദർശിനി
തികഞ്ഞ മതേതര ജനാധിപത്യ വിശ്വാസിയും മനുഷ്യസ്നേഹിയുമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ദുബായ് പ്രിയദർശിനി വൊളന്റിയർ ടീം രക്ഷാധികാരി എൻ.പി. രാമചന്ദ്രൻ, ബി. പവിത്രൻ എന്നിവർ അനുസ്മരിച്ചു.
ഇ.പി. ജോൺസൺ,പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻഎം.പി. വീരേന്ദ്രകുമാർ എം.പി.യുടെ വേർപാട് കനത്ത നഷ്ടമാണ് സൃഷ്ടിച്ചത്. പകരം വെക്കാനില്ലാത്ത ജനനേതാവായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിനായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ മറ്റൊരു രാഷ്ട്രീയനേതാവും സാഹിത്യകാരനും കേരളം കണ്ടിട്ടില്ല. ഭാവിയെക്കുറിച്ച് ഏറെ ആശങ്കാകുലനായ അദ്ദേഹം തിന്മയ്ക്കെതിരെയുള്ള പോരാട്ടത്തിൽ എന്നും മുൻനിരയിൽ പ്രവർത്തിച്ചു. പകരം വെക്കാനില്ലാത്ത നേതാവിനെയും എഴുത്തുകാരനെയുമാണ് നഷ്ടമായത്.
വൈ.എ. റഹീം ,പ്രസിഡന്റ്, ഇൻകാസ് ഷാർജവർഷങ്ങൾക്കുമുൻപ് ഷാർജ വിമാനത്താവളത്തിൽ ജോലി ചെയ്യുമ്പോഴാണ് എം.പി. വീരേന്ദ്രകുമാറിനെ കാണാനും പരിചയപ്പെടാനും സാധിച്ചത്. അന്നുമുതൽ ബന്ധം കൂടുതൽ ദൃഢമാവുകയും അദ്ദേഹം യു.എ.ഇ. സന്ദർശിക്കുമ്പോഴൊക്കെ കാണാനും സാധിച്ചിരുന്നു. കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.
ബിജു സോമൻ,മാസ് ഷാർജഎം.പി. വീരേന്ദ്രകുമാർ ഇല്ലാതായതോടെ പ്രതിസന്ധികൾക്ക് നടുവിലുള്ള വലിയ പ്രതിരോധമാണ് നഷ്ടമായത്. വരാനിരിക്കുന്ന ഏതൊരു പ്രതിസന്ധിയും ദീർഘവീക്ഷണത്തോടെ ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം. ഈ വിടവ് ചെറുതല്ല, പകരം വെക്കാനുമില്ല.
നിസാർ തളങ്കര ജനറൽ സെക്രട്ടറി, യു.എ.ഇ. കെ.എം.സി.സി.ഇന്ത്യയുടെ മതേതര മുഖമാണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ ഇല്ലാതായത്. പോരാട്ടത്തിൽ ഉറച്ചുനിന്ന വ്യക്തിത്വം, മാതൃഭൂമി എന്ന ദേശീയ പത്രം അതിന്റെ സ്വതന്ത്രമുഖം എന്നും ഉയർത്തിപ്പിടിച്ച ശക്തനായ മാധ്യമ ഉടമ, ഒരിക്കലും പത്രത്തിന്റെ സ്വതന്ത്ര നിലപാടുകളിൽ കൈകടത്താത്ത നേതാവ് കൂടിയായിരുന്നു. വർധിച്ച ആത്മവീര്യത്തോടെ അവസാനംവരെ പോരാട്ടം നടത്തിയ നന്മയുടെ, സ്നേഹത്തിന്റെ മുഖമാണ് ഇല്ലാതായത്.
കെ.എം.സി.സി. യു.എ.ഇ. പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ഇൻകാസ് മുൻ പ്രസിഡന്റ് പി.ജി. പുഷ്പാകരൻ, മലയാളം മിഷൻ യു.എ.ഇ. കോ- ഓർഡിനേറ്റർ കെ.എൽ. ഗോപി, പ്രവാസി ഇന്ത്യ പ്രസിഡന്റ് അബുല്ലൈസ്, മലങ്കര സുറിയാനി കത്തോലിക്കാ സഭാ പ്രസിഡന്റ് ബിജു പാറപ്പുറം, ജിബി ബേബി (ഷാർജ യുവകലാസാഹിതി), ഷിബുജോൺ (ഷാർജ എൻ.ആർ.ഐ.ഫോറം), എസ്.മുഹമ്മദ് ജാബിർ (ഒ.ഐ.സി.സി. ഷാർജ), മധു എ.വി, തണ്ണോട്ട് (ഇൻകാസ് കാസർകോട് ), സലാം പാപ്പിനിശ്ശേരി (ഗ്ലോബൽ പ്രവാസി അസോസിയേഷൻ), നൗഷാദ് മന്ദങ്കാവ് (ഇൻകാസ് കോഴിക്കോട്) എന്നിവരും അനുശോചിച്ചു.