അബുദാബി: സായിദ് വർഷത്തിൽ രാജ്യത്തിന്റെയും രാഷ്ട്രപിതാവിന്റെയും നേട്ടങ്ങളുടെ പ്രതീകമായി ’ഫ്രം ദി ഹാർട്ട് ഓഫ് സായിദ്’ എന്ന പേരിലുള്ള കലാസൃഷ്ടി അനാവരണം ചെയ്തു. എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ചിത്രം അനാവരണം ചെയ്തത്. ദുബായിലുള്ള ഫിലിപ്പിനോ സ്വദേശിയായ കലാകാരൻ എലിഗ്രാഫാണ് ചിത്രത്തിന്റെ സൃഷ്ടാവ്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ എല്ലാ തലമുറകൾക്കും പ്രചോദനമാവുന്നു എന്ന ആശയത്തിലാണ് ചിത്രം വരച്ചിട്ടുള്ളത്.

എമിറേറ്റ്‌സ് ഗ്രൂപ്പ് ഓഫീസിൽ ഈ ചിത്രം സ്ഥിരമായി പ്രദർശിപ്പിക്കും. മൂന്ന് ഘടകങ്ങളാണ് ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. ഭാവിയിലേക്ക് ഉറ്റുനോക്കുന്ന സായിദിന്റെ കണ്ണുകളാണ് ഒന്ന്. സ്വർണവർണമുള്ള മേൽക്കുപ്പായം കുലീനതയും മഹാമനസ്കതയും വെളിവാക്കുന്നു. പശ്ചാത്തലത്തിലുള്ള യു.എ.ഇ. ഭൂപടം യു.എ.ഇ.യുടെ ഐക്യത്തെയും പ്രതിനിധാനം ചെയ്യുന്നു.