അബുദാബി: മുഖം മിനുക്കിയ അൽ ഹൊസൻ കോട്ടയുടെ ഉദ്ഘാടനം അബുദാബി കിരീടാവകാശിയും യു.എ.ഇ.സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർവഹിച്ചു. അബുദാബി നഗരഹൃദയത്തിൽ യു.എ.ഇ.യുടെ ചരിത്രം പറയുന്ന കോട്ട വലിയ രീതിയിലുള്ള പരിഷ്കാരങ്ങളോടെയാണ് വിനോദസഞ്ചാര സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്.

മ്യൂസിയം, കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഒത്തുകൂടാനും പരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദികൾ, പരമ്പരാഗതനിർമിതികൾ, യു.എ.ഇ.യുടെ ചരിത്രം കോറിയിട്ട നടവഴികളും ഇടനാഴികളുമെല്ലാം കോട്ടയെ വ്യത്യസ്തമാക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അബുദാബിയിൽ സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മാറ്റങ്ങളാണ് അൽ ഹൊസൻ കോട്ടയിൽ സ്ഥാപിച്ച മ്യൂസിയത്തിലൂടെ പങ്ക് വെക്കുന്നത്. യു.എ.ഇ.യുടെ ഭരണ സിരാകേന്ദ്രമായി മാറുകയും ഒട്ടേറെ തന്ത്രപ്രധാന യോഗങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായ കോട്ടയിലെത്തിയ പ്രമുഖരുടെ ചിത്രങ്ങൾ, സാധ്യമായ വീഡിയോ ദൃശ്യങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

കുട്ടികൾക്കായുള്ള വിശാലമായ വായനശാലയുടെ നിർമാണം പുരോഗമിക്കുന്ന പുതുക്കിയ കോട്ടയിൽ കലാകാരന്മാരുടെ ശില്പശാലകളും സെമിനാറുകളും സംവാദങ്ങളുമെല്ലാം നടക്കും. പരമ്പരാഗത യു.എ.ഇ നെയ്ത്ത് രീതിയായ ‘അൽ സാധു’, ഈന്തപ്പനയോല മെടഞ്ഞ് വീടുകൾക്ക് മേൽക്കൂരതീർത്ത പരമ്പരാഗത രീതിയായ ‘ഖൂസ്’, ചിത്രത്തുന്നൽ ‘തല്ലി’ എന്നിവയെല്ലാം സന്ദർശകർക്കായി വിശദീകരിക്കും. യു.എ.ഇ.യെ ആഴത്തിൽ അറിയാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.

‘ഇത് നമ്മുടെ പൈതൃകത്തിന്റെ പ്രദർശനവേദിയാണ്. ഏറ്റവും പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് ലോകത്തിലെ ഏറ്റവും മികച്ച നിലയിലേക്കുള്ള യു.എ.ഇ.യുടെ വളർച്ചയും അതിന് പിറകിൽ നമ്മുടെ പിതാമഹന്മാർ വഹിച്ച പങ്കുമെല്ലാമാണ് കോട്ട ലോകത്തോട് സംവദിക്കുന്നത്’ കോട്ടയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ശൈഖ് മുഹമ്മദ് പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ മാസം ഏഴ് മുതൽ 15 വരെ അൽ ഹൊസൻ കോട്ടയിൽ സംഗീത, സാംസ്കാരിക പരിപാടികൾ നടക്കും. പ്രവേശനം സൗജന്യമാണ്.