ഷാർജ: ഇമറാത്തിന്റെ ദേശീയ ചിഹ്നങ്ങളിലൊന്നായ ’ദല്ല’ കോഫി പാത്രത്തിന്റെ മാതൃകയിൽ നാലായിരത്തിലേറെ കുട്ടികളെ അണിനിരത്തി ഷാർജയിലെ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ മറ്റൊരു ഗിന്നസ് റക്കോഡ് കൂടി സ്വന്തമാക്കി.

അറബ് പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും തനിമയും പഴമയും വിളിച്ചോതുന്ന ദല്ല അറബ് ആതിഥേയമര്യാദയുടെ അടയാളമാണ്. വെള്ളം തിളയ്ക്കുന്നതും കോഫി ദല്ലയിലേക്ക് പകർത്തുന്നതും പ്രതീകാത്മകമായി ചിത്രീകരിച്ചാണ് സ്കൂളിലെ വിദ്യാർഥികൾ ഗിന്നസ് ബുക്കിലേക്ക് കയറിയത്. വ്യാഴാഴ്ച കാലത്ത് എട്ട് മണിയോടെ ഗിന്നസ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു മാതൃക തീർത്തത്.

4856 കുട്ടികളാണ് ഇതിനായി അണിനിരന്നത്.യു.എ.ഇ .യുടെ കറൻസിയായ ദിർഹത്തിലും ദല്ലയുടെ ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ ആകൃതിയിലാണ് കുട്ടികൾ സ്കൂളങ്കണത്തിൽ അണിനിരന്നത്. കോഫി ബ്രൗണും വെള്ളയും നിറങ്ങളിലുള്ള വസ്ത്രമണിഞ്ഞായിരുന്നു കുട്ടികൾ ഇതിനായി എത്തിയത്.

പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ സംരംഭകനുമായ ഹാജി ഡോ.പി.എ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പെയ്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് സ്കൂൾ. നേരത്തെ 4882 കുട്ടികളെ അണിനിരത്തി ഏറ്റവും വലിയ മനുഷ്യബോട്ട് നിർമിച്ച് ഗിന്നസ് റിക്കാർഡ് നേടിയിരുന്നു. സ്‌കൂൾ ഗിന്നസ് കോ-ഓർഡിനേറ്റർമാരായ ഷിഫാന മുഈസ്, അഡ്മിൻ മാനേജർ സഫാ അസദ്, സ്‌കൂൾ ഡയറക്ടർമാരായ ആസിഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, അസി.ഡയറക്ടർ അഡ്വ. അബ്ദുൾ കരീം, പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ താഹിർ അലി എന്നിവർ റെക്കോഡ് സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.