ദുബായ് : ഇന്ത്യയിലേക്ക് പുതിയ യാത്രാനിയമം നിലവിൽവന്നതിനുശേഷം പ്രവാസലോകം കടുത്ത ആശങ്കയിലാണ്. പലരും മുൻകൂട്ടി തീരുമാനിച്ച നാട്ടിലേക്കുള്ള യാത്ര റദ്ദാക്കുകയും ചെയ്തു. നിയമം പ്രാബല്യത്തിലായശേഷം നാട്ടിൽ ചെന്നിറങ്ങിയവരും വലിയ ആശയക്കുഴപ്പത്തിലാണ്. അനിശ്ചിതത്വവും അധിക പണച്ചെലവും സമയനഷ്ടവുമാണ് ഏറെപ്പേരെയും അലട്ടുന്നത്. ഇതിനെതിരേ വിവിധ സംഘടനകളും സാമൂഹികപ്രവർത്തകരും രംഗത്തെത്തിക്കഴിഞ്ഞു. പ്രവാസികൾക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് കഴിഞ്ഞദിവസം നോർക്കയും ആരോഗ്യവകുപ്പും തമ്മിൽ ചർച്ച നടന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. മരണംപോലെ അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവർക്ക് ഇക്കാര്യത്തിൽ ഇളവുണ്ടെങ്കിലും എയർസുവിധ ആപ്പിൽ വിവരങ്ങൾ അപ് ലോഡ് ചെയ്ത് അനുമതി നേടേണ്ടതുണ്ട്. എങ്കിൽമാത്രമേ യാത്രചെയ്യാനാവൂ.
യാത്രചെയ്യുന്നവരുടെയും നാട്ടുകാരുടെയും കുടുംബത്തിന്റെയും സുരക്ഷ മുൻനിർത്തി കോവിഡ് പരിശോധന നടത്തണമെന്നത് എല്ലാവരും അംഗീകരിക്കേണ്ടതുണ്ട്. എങ്കിലും ഇത്രയധികം കോവിഡ് പരിശോധന നടത്തുന്നതിൽനിന്നും ഏതെങ്കിലും ഒരു ടെസ്റ്റ് ഒഴിവാക്കണമെന്ന് ശരീഫ് പി.വി. കരേക്കാട് ആവശ്യപ്പെട്ടു. നാട്ടിൽ രാഷ്ട്രീയക്കാർ ഒരു കോവിഡ് മാനദണ്ഡവും പാലിക്കാതെ ചെറുതും വലുതും വ്യത്യാസമില്ലാതെ പതിനായിരങ്ങളും ആയിരങ്ങളും പങ്കെടുക്കുന്ന മുന്നേറ്റയാത്രയിൽ ‘കോവിഡ് വ്യാപനം’ അധികാരികൾക്ക് ഒരു കുഴപ്പവുമില്ല. പ്രവാസിളോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനുമാണ് സംഘടനകളുടെയും വ്യക്തികളുടെയും അഭിപ്രായം.
പ്രായവ്യത്യാസമില്ലാതെയാണ് പുതിയ പരിശോധനാ നിബന്ധന. കേരള സർക്കാർ ഇക്കാര്യത്തിൽ കാര്യമായി ഇടപെടണം. സാമ്പത്തികം മാത്രമല്ല, മാനസികമായും പ്രവാസികളെ കോവിഡിന്റെ പേരിൽ പീഡിപ്പിക്കരുത്. പി.സി.ആർ. പരിശോധനയും ക്വാറന്റീനുമെല്ലാം പ്രവാസികൾക്ക് മാത്രമായുള്ള കാര്യമായി മാറുന്നത് പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് അഡ്വ. ഹാഷിക് തൈക്കണ്ടി പറഞ്ഞു.
പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ ആർ.ടി.പി.സി.ആർ. പരിശോധന സൗജന്യമാക്കണമെന്ന് ദുബായ് ഐ.എം.സി.സി. ജനറൽ സെക്രട്ടറി എം. റിയാസ് പറഞ്ഞു. വിസിറ്റ് വിസയിൽ വന്നു മടങ്ങുന്നവർ, ജോലി നഷ്ടപ്പെട്ടവർ, ശമ്പളമില്ലാതെ മടങ്ങുന്ന ഇത്തരക്കാരോട് സർക്കാർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. പ്രതിരോധകുത്തിവെപ്പ് രണ്ട് ഡോസും പൂർത്തിയാക്കിയ പ്രവാസികളെ നടപടികളിൽനിന്ന് ഒഴിവാക്കണം.
Content Highlights: travel restrictions to india