UAE
യുഎഇ സഹിഷ്ണുതാ മന്ത്രി
ശൈക് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ 

അബുദാബി: സഹിഷ്ണുതയുള്ള സമൂഹമാണ് സാമ്പത്തികമായി മുന്നേറുകയെന്ന് യു.എ.ഇ. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ. അബുദാബിയിൽ നടന്ന ഇന്ത്യ-യു.എ.ഇ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെയും യു.എ.ഇ.യുടെയും സഹിഷ്ണുതാപരമായ നിലപാടുകളാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടിസ്ഥാനം. സാമ്പത്തിക സഹിഷ്ണുതയെന്ന ആശയത്തെ പരിഗണിക്കേണ്ട സമയമാണിത്. സമാധാനത്തിനും സഹിഷ്ണുതയ്ക്കും ഏറെ പ്രാധാന്യം കല്പിക്കുന്ന സുഹൃദ് രാഷ്ട്രമെന്ന നിലയ്ക്ക് പൊതുതാത്പര്യമുള്ള പല കാര്യങ്ങളിലും ഇന്ത്യയും യു.എ.ഇ.യും യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്വന്തം സംസ്കൃതിയോടുള്ള ബഹുമാനവും മറ്റുള്ള സംസ്കാരങ്ങളെയും ഭാഷകളെയും മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കാനുള്ള മനസ്സും ഇന്ത്യയുടെയും യു.എ.ഇയുടെയും പൊതുസ്വഭാവമാണ്. ‘പരസ്പരം അറിയുക’ എന്ന സഹിഷ്ണുതയുടെ ഏറ്റവും അടിസ്ഥാനപരമായ ആശയം യു.എ.ഇ. ജനതയ്ക്ക് പകർന്ന് നൽകിയത് രാഷ്ട്രപിതാവ് ശൈഖ് സായിദാണെന്നും ശൈഖ് നഹ്യാൻ ബിൻ മുബാറഖ് പറഞ്ഞു.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. ആ സൗഹൃദത്തെ പുത്തൻവഴികളിലൂടെ കൂടുതൽ കരുത്തുറ്റതായി മാറ്റിയിരിക്കുകയാണ് ഇപ്പോഴെന്ന് ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. വാണിജ്യ, വ്യവസായ, നിക്ഷേപ, നയതന്ത്ര രംഗങ്ങളിലെല്ലാം ഇരു രാജ്യങ്ങളും സൗഹൃദത്തിന്റെ പുത്തൻ തലങ്ങളിലെത്തിനിൽക്കുന്നു. യു.എ.ഇ.യിൽ നിന്നുള്ള കൂടുതൽ നിക്ഷേപങ്ങൾക്കായി ഇന്ത്യ ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു.

യു.എ.ഇ.യിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ നിയമനം കുറ്റമറ്റതും കാര്യക്ഷമവുമാക്കാൻ പ്രത്യേക വെബ് പോർട്ടൽ യു.എ.ഇ. സർക്കാരുമായി യോജിച്ച് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഇരു രാജ്യങ്ങളുടെയും നടപടികൾ എളുപ്പമാക്കുന്ന പ്രക്രിയകളാണെന്നും ഇത്തരത്തിൽ പല മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള നാനൂറോളം വ്യവസായികളും കോൺക്ലേവിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ എം.എ. യൂസഫലി, എൻ.എം.സി. ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ബി.ആർ. ഷെട്ടി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, യു.എ.ഇ ഇന്റർനാഷണൽ ഇൻവെസ്റ്റേഴ്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽ ജർവാൻ, യു.ഐ.ബി.സി ചെയർമാൻ ശറഫുദ്ധീൻ ഷറഫ്, ജഷന്മാൽ ഗ്രൂപ്പ് പങ്കാളി മോഹൻ ജഷന്മാൽ, അപ്പോളോ ഹോസ്പിറ്റൽ ജോയിന്റ് എം.ഡി സംഗീത റെഡ്ഢി, കിസാദ് സി.ഇ.ഒ സമീർ ചതുർവേദി, ഓകെ പ്ലേ ഇന്ത്യ എം.ഡി രാജൻ ഹാൻദ എന്നിവർ സംസാരിച്ചു.