ദുബായ്: സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ‘സ്‌കൾ ബ്രേക്കർ’ ടിക് ടോക്ക് ചലഞ്ചിനെതിരേ മുന്നറിയിപ്പുമായി അധികൃതർ. ‘ട്രിപ്പിങ് ജംപ് ’ എന്ന പേരിലും അറിയപ്പെടുന്ന ഈ ചലഞ്ച് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിലാണ് പ്രചരിക്കുന്നത്.

മൂന്നുപേർ നിരന്നുനിന്ന് നടുവിൽ നിൽക്കുന്നയാൾ മുകളിലേക്ക് ചാടുമ്പോൾ ഇരുവശങ്ങളിലുമുള്ളവർ കാലുകൾകൊണ്ട് തട്ടിവീഴ്ത്തുന്നതാണ് ചലഞ്ച്. നടുവിൽ നിൽക്കുന്നയാൾ അതോടെ തലയടിച്ച് താഴോട്ട് വീഴും. ടിക് ടോക്കിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചലഞ്ച് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനുവരെ കാരണമാകും. തലയോട്ടിക്കും നട്ടെല്ലിനും ക്ഷതമേൽക്കുന്നതോടെ ചിലപ്പോൾ ജീവിതാവസാനം വരെ അബോധാവസ്ഥയിലേക്ക് പോകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കണ്ണുകൾക്കും ക്ഷതമേൽക്കാം.

കുട്ടികളും യുവാക്കളും തമാശയായാണ് കളിയെ കാണുന്നതെങ്കിലും വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണിത്. രക്ഷിതാക്കളറിയാതെ സ്കൂളുകളിലും കളിസ്ഥലങ്ങളിലും മറ്റുമാണ് ഈ ചലഞ്ച് നടക്കുന്നത്. അപകടകരമായ ഈ വെല്ലുവിളി സ്കൂളുകളിൽ നടക്കുന്നുണ്ടോ എന്നറിയാൻ കുട്ടികൾക്കിടയിൽ നിരീക്ഷണം വേണമെന്ന് അധികൃതർ രക്ഷിതാക്കളോടും അധ്യാപകരോടും അഭ്യർഥിച്ചു. യു.എ.ഇ.യിലെ വിവിധ സ്കൂളുകളിലെ അധ്യാപകരും രക്ഷിതാക്കൾക്ക് ഗ്രൂപ്പുകൾവഴി വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലെ അപകടകരമായ കളികൾ പ്രോത്സാഹിപ്പിക്കാതിരിക്കാനും നിർദേശിക്കുന്നു. #skullbreakerchallenge എന്ന ഹാഷ് ടാഗിലാണ് ഇത് വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള പല സംഭവങ്ങളും കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വെനസ്വലയിൽ മൂന്ന് ആൺകുട്ടികൾ സ്കൾ ബ്രേക്കർ ചലഞ്ചിൽ പങ്കെടുക്കുന്നതും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. സിനമോൺ ചലഞ്ച്, ടൈഡ് പോഡ് ചലഞ്ച്, ബ്ലു വെയിൽ, കൈലി ജെന്നർ ലിപ് ചലഞ്ച് തുടങ്ങി ഇത്തരത്തിൽ ഒട്ടേറെ അപകടകരമായ ചലഞ്ചുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.

Content Highlights: tik tok skull break challenge