അബുദാബി: ലൈംഗികശേഷി വർധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകൾക്ക് യു.എ.ഇ. ആരോഗ്യമന്ത്രാലയം വിലക്കേർപ്പെടുത്തി. രക്തസമ്മർദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടർന്നാണിത്.

പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരിൽ പുരുഷന്മാർക്കായി പുറത്തിറക്കുന്ന നസ്ടി ഗുളികകളിൽ രക്തസമ്മർദം വളരെയധികം കുറയ്ക്കുന്ന തിയോസിൽഡിനാഫിൽ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ: ആമീൻ ഹുസൈൻ അൽ അമീരി പറഞ്ഞു. പ്രമേഹമോ ഹൃദ്രോഗമോ കൊഴുപ്പോകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കൂടുതൽ പ്രശ്നമുണ്ടാക്കുന്നതാണ് ഇത്.

ലൈംഗികശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ലിയോപാഡ് മിറക്കിൾ ഹണി, ദഹനത്തിനായി ഉപയോഗിക്കുന്ന ഫെസ്റ്റാൽ എന്നീ മരുന്നുകൾക്കും യു.എ.ഇ.യിൽ വിലക്കേർപ്പെടുത്തിയതായി ഡോ. ആമീൻ വ്യക്തമാക്കി. കാലാവസ്ഥാനിരീക്ഷണ പരിസ്ഥിതിവകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, കസ്റ്റംസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾക്ക് ഇതേക്കുറിച്ചുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

Content Highlights: three more medicines are banned in uae