അബുദാബി: അറബ് സഖ്യസേനയുടെ ഭാഗമായി യെമെനിൽ സേവനമനുഷ്ഠിച്ച് തിരിച്ചുവന്ന വീരസൈനികർക്ക് രാജ്യം ഊഷ്മളസ്വീകരണം നൽകി. സൗദി അറേബ്യ നയിക്കുന്ന സഖ്യസേനയുടെ ഭാഗമായി യെമെൻ ജനതയുടെ നീതിക്കും സത്യത്തിനും വേണ്ടി അവർക്കൊപ്പം നിലകൊണ്ട ധീരരാണ് തിരികെയെത്തിയ സൈനികരെന്ന് യു.എ.ഇ. സായുധസേന ജനറൽ കമാൻഡ് അറിയിച്ചു.

യെമെനിൽ സുരക്ഷയുറപ്പാക്കുന്നതിൽ യു.എ.ഇ.യുടെ സൈന്യം നിർവഹിച്ചത് വലിയ പങ്കാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം, ഊർജം തുടങ്ങിയ രംഗങ്ങളിലെല്ലാം ശക്തമായ സുരക്ഷാ സാന്നിധ്യമായിരുന്നു യു.എ.ഇ. സേന.

മേഖലയുടെ സുരക്ഷയ്ക്കും ജനതയുടെ സംരക്ഷണത്തിനും എന്നും യു.എ.ഇ.യുടെ വീരപുത്രന്മാർ നിലകൊള്ളുന്നെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, ഫെഡറൽ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ അൽ ദഫ്‌റ ബേസിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.

Content Highlights: Thousands gather to welcome UAE soldiers returning from Yemen