ദുബായ്: ഇലക്‌ട്രിക് വാഹനങ്ങളുടെ പരീക്ഷണയോട്ടം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) തുടങ്ങി. ദുബായ് സിലിക്കൺ ഒയാസിസിലെ ഷേപ്പ്ഡ് മാഗ്നെറ്റിക് ഫീൽഡ് ഇൻ റെസൊണൻസ് (എസ്.എം.എഫ്.ഐ.ആർ.) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇലക്‌ട്രിക് ബസുകളുടെ പരീക്ഷണയോട്ടം. ദുബായിയുടെ സ്മാർട്ട് സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ആർ.ടി.എ.യുടെ ശ്രമങ്ങളുടെ ഭാഗമാണിത്.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗവും സുസ്ഥിര ഗതാഗതമാർഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആർ.ടി.എ.യുടെ സംരംഭങ്ങളിലൊന്നാണ് ഇലക്‌ട്രിക് പദ്ധതി. പദ്ധതി ദുബായ് ഇൻറഗ്രേറ്റഡ് എനർജി സ്ട്രാറ്റജി 2030, ദുബായ് പ്ലാൻ 2021, യു.എ.ഇ. വിഷൻ 2021 എന്നിവയും പൂർത്തീകരിക്കുന്നുവെന്ന് ആർ.ടി.എ. ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെയും ദുബായ് സിലിക്കൺ ഒയാസിസിെന്റയും സഹകരണത്തോടെ ദുബായ് ഫ്യൂച്ചർ ആക്സിലറേറ്ററുകളുടെ ഭാഗമായാണ് ആർ.ടി.എ. പദ്ധതി ഏറ്റെടുക്കുന്നത്.

എസ്.എം.എഫ്.ഐ.ആർ. സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്‌ട്രിക് വാഹനങ്ങളുടെ വിജയകരമായ നടത്തിപ്പ് സാധിക്കും. ചാർജിങ് സ്റ്റേഷനുകളിൽ നിർത്താതെതന്നെ വാഹനങ്ങൾക്ക് ഈ സംവിധാനത്തിനുള്ളിൽ തടസ്സമില്ലാതെ പ്രവർത്തിക്കാം. ഈ സംരംഭം ദുബായിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും. 2020 അവസാനത്തോടെ ദുബായിൽ ഉടനീളം ഇലക്‌ട്രിക് വാഹനങ്ങൾക്കായി 240 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാത്തർ അൽ തായർ വ്യക്തമാക്കി.

Content Highlights: Testing of electric vehicles has begun