തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്‌നയുടെ കുടുംബജീവിതത്തിലും താളപ്പിഴകളേറെ. ഗൾഫിൽവെച്ച് 2002-ലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം ഗൾഫിൽ ബാർ ബിസിനസ് നടത്തുകയായിരുന്നു. അപ്രതീക്ഷിതമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഭർത്താവിനെപ്പോലും അറിയിക്കാതെയുള്ള മടക്കം വിവാഹമോചനത്തിൽ കലാശിച്ചു.

ഭർത്താവിന്റെ സുഹൃത്തായ സിനിമാനടനുമായുള്ള അടുപ്പമാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രേരണയായത്. ഈ ബന്ധം ഏറെനാൾ നീണ്ടില്ല. നടന്റെ വീട്ടുകാർ എതിർത്തതോടെ വേർപിരിഞ്ഞു. ഈ ബന്ധത്തിന്റെ പേരിൽ കുടുംബവുമായുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായി. സഹോദരനുമായി പിണങ്ങി. പിന്നെ ഗൾഫിലേക്ക് മടങ്ങിയില്ല.

2012 മുതൽ തലസ്ഥാനത്ത് തങ്ങി. ഇതിനിടെ ട്രാവൽ ഏജൻസികളിൽ മാറിമാറി ജോലിചെയ്തു. പിന്നീട് എയർ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് വിഭാഗമായ സാറ്റ്‌സിൽ ജോലിക്കെത്തി. ഈ കാലയളവിലാണ് ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. വീണ്ടും വിവാഹിതയായി. അതിന് ശേഷം കോൺസുലേറ്റിലെ ജീവനക്കാരിയുമായി.

ഗൾഫിൽനിന്ന് കാര്യമായ സമ്പാദ്യമില്ലാതെ നാട്ടിലെത്തിയ സ്വപ്‌നയുടെ ഇപ്പോഴത്തെ നിക്ഷേപങ്ങൾക്ക് കോടികളുടെ മതിപ്പുണ്ട്. നഗരത്തിൽ പ്രധാനഭാഗത്ത് ഒരു കെട്ടിടത്തിന്റെ നിർമാണം നടക്കുന്നുണ്ട്. കാർ ഷോപ്പിലെ നിക്ഷേപത്തിനുപുറമെ മറ്റു റിയൽ എസ്റ്റേറ്റ് ബിസിനസിലും മുടക്കുമുതലുണ്ട്. എയർ ഇന്ത്യാ സാറ്റ്‌സിൽ പ്രവർത്തിക്കുമ്പോൾ 24,000 രൂപയായിരുന്നു മാസശമ്പളം. കോൺസുലേറ്റിലെ ശമ്പളത്തിനും വ്യക്തമായ രേഖകളുണ്ട്. ഇതിനുശേഷം ഇവരുടെ സമ്പാദ്യത്തിലുള്ള വർധനവാണ് കസ്റ്റംസ് അനേഷിക്കുന്നത്. ഒരുതവണ സ്വർണം കടത്തുമ്പോൾ 15 ലക്ഷമായിരുന്നു പ്രതിഫലം. സ്വർണക്കടത്തിലൂടെ ആർജിച്ച സ്വത്ത് കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം.

Content Highlights: swapna suresh family-life