ദുബായ്: സ്റ്റെല്ല ഹിമവര്‍ഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് യു.എ.ഇ.യില്‍നിന്ന് അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ മണിക്കൂറുകള്‍വൈകിയാണ് പുറപ്പെട്ടത്. ദുബായില്‍ നിന്ന് പുറപ്പെടേണ്ട പത്ത് എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കുകയും ആറുവിമാനങ്ങള്‍ വൈകിപ്പറക്കുകയും ചെയ്തു. ഇത്തിഹാദ് എയര്‍വെയ്സിന്റെ സര്‍വീസുകളില്‍ പലതും മുടങ്ങിയിട്ടുണ്ട്.
 
ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, നെവാര്‍ക് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഹിമവര്‍ഷം മുന്നില്‍ക്കണ്ട് റദ്ദാക്കിയവയില്‍ ഏറെയും. എമിറേറ്റ്സിന്റെ ന്യൂയോര്‍ക്കിലേക്കുള്ള നാലുസര്‍വീസുകളും ബോസ്റ്റണിലേക്കും തിരികെയുമുള്ള നാലുസര്‍വീസുകളും ഏതന്‍സ്-നെവാര്‍ക് റൂട്ടിലെ രണ്ടുവിമാനങ്ങളും റദ്ദാക്കി. വാഷിങ്ടണ്‍ ഡി.സി.-ദുബായ്, ന്യൂയോര്‍ക്ക്-മിലാന്‍, ദുബായ്-ന്യൂയോര്‍ക്ക് സര്‍വീസുകള്‍ വൈകിപ്പറന്നു. 

ഇത്തിഹാദ് വിമാനങ്ങള്‍ റദ്ദാക്കിയതുമൂലമുള്ള യാത്രാത്തിരക്ക് പരിഹരിക്കാന്‍ വലിയ വിമാനം രംഗത്തിറക്കിയതായി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച അബുദാബിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് ഇ.വൈ. 101 വിമാനം സര്‍വീസ് നടത്തി. സ്റ്റെല്ല ഹിമപാതംകാരണം അമേരിക്കയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി മൂവ്വായിരത്തോളം വിമാനങ്ങള്‍ റദ്ദാക്കിയതായാണ് അറിയുന്നത്. ഇമാറാത്തികള്‍ക്ക് മുന്നറിയിപ്പ്  ന്യൂയോര്‍ക്കിലും ഈസ്റ്റ്‌കോസ്റ്റിലും താമസിക്കുന്ന ഇമാറാത്തികള്‍ക്ക് അമേരിക്കയിലെ യു.എ.ഇ. നയതന്ത്ര കാര്യാലയങ്ങളുടെ മുന്നറിയിപ്പ്. 

പുറത്തിറങ്ങുന്നവര്‍ അതികരുതലെടുക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും വാഷിങ്ടണ്‍ ഡി.സി.യിലെ എംബസ്സിയും ന്യൂയോര്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റും മുന്നറിയിപ്പിറക്കി. എന്തെങ്കിലുംതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.