മലപ്പുറം: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കി സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിച്ച ഒട്ടേറെ പ്രവാസികൾ തിരിച്ചുപോകാനാവാതെ നട്ടംതിരിയുന്നു. സംസ്ഥാനങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മിക്കരാജ്യങ്ങളും അംഗീകരിക്കാത്തതാണ് കാരണം.

കേന്ദ്രസർക്കാരിന്റെ ‘കോവിൻ’ പോർട്ടലിൽ രജിസ്റ്റർചെയ്താണ് തുടക്കംമുതൽ വാക്സിൻ കൊടുത്തിരുന്നത്. വിതരണം സുഗമമാക്കാൻ കേരളസർക്കാർ ഇടക്കാലത്ത് ‘kerala.gov.in/vaccination’ എന്ന സ്വന്തം വെബ്‌സൈറ്റ് തുടങ്ങി. പ്രവാസികൾക്കു പെട്ടെന്നു രണ്ടാംഡോസ് ലഭിക്കാൻ സഹായമായെങ്കിലും ഒട്ടേറെ നൂലാമാലകൾ പിന്നാലെവന്നു. സംസ്ഥാനം നൽകിയിരുന്ന സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും വാക്സിൻ നൽകുന്ന തീയതിയും ഇല്ലായിരുന്നു. ഇതു പലരാജ്യങ്ങളും സ്വീകരിക്കാതായപ്പോൾ വിവരങ്ങൾ ചേർത്ത്‌ സർട്ടിഫിക്കറ്റ് പരിഷ്കരിച്ചു. അപ്പോളാണ് സംസ്ഥാനസർക്കാരുകളുടെ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാവില്ലെന്നു പലരാജ്യങ്ങളും നിലപാടെടുത്തത്. യൂറോപ്യൻരാജ്യങ്ങളാണു കൂടുതൽ കടുത്തനിലപാട്‌ സ്വീകരിക്കുന്നത്.

ഇതിനുപരിഹാരമായി സർട്ടിഫിക്കറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റുചെയ്താൽമതിയെന്നു പറഞ്ഞുവെങ്കിലും അതൊന്നും ഈ രാജ്യങ്ങൾ അംഗീകരിക്കുന്നില്ല.

ചർച്ചചെയ്ത്‌ പരിഹരിക്കണം

കേന്ദ്ര ആരോഗ്യവകുപ്പുമായി ചർച്ചനടത്തി പ്രശ്നം പരിഹരിക്കണം. സംസ്ഥാനസർക്കാരിന്റെ വെബ്‌സൈറ്റ് വഴി വാക്സിനെടുത്തവരെ ‘കോവിൻ’ സൈറ്റിലും രജിസ്റ്റർചെയ്യിച്ച് കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയേ വേണ്ടൂ.

-പി.എം.എ. ജലീൽ, കേരള കോ-ഓർഡിനേറ്റർ, ജിദ്ദ കെ.എം.സി.സി.

പരിഹാരം വൈകരുത്

ഏതുരാജ്യത്ത്‌ ചെന്നിറങ്ങുമ്പോഴും ആദ്യം ചോദിക്കുന്നതു വാക്സിനേഷൻ സർട്ടിഫിക്കറ്റാണ്. സംസ്ഥാനം നൽകിയ സർട്ടിഫിക്കറ്റ് ഷിപ്പിങ് കമ്പനി തള്ളി. വൈകുന്നതു സങ്കീർണതയുണ്ടാക്കും.

-സുരേഷ് കുമാർ ബാലകൃഷ്ണൻ, വിദേശ കപ്പലിന്റെ ക്യാപ്റ്റൻ, തവനൂർ സ്വദേശി