അബുദാബി: സ്പെഷ്യൽ ഒളിംപിക്സിന് മുന്നോടിയായി പ്രതീക്ഷയുടെ ജ്വാലയെന്ന് വിശേഷിപ്പിക്കപ്പെട്ട ദീപശിഖയ്ക്കുള്ള വിളക്ക് ആതൻസിൽനിന്ന് അബുദാബിയിലെത്തി.

ഇത്തിഹാദ് വിമാനത്തിൽ എത്തിച്ച ദീപശിഖയുമായി ഏഴ്‌ എമിറേറ്റുകളിലൂടെ വരും ദിവസങ്ങളിൽ പ്രയാണം നടക്കും. സായുധസേന ഉദ്യോഗസ്ഥരും പരമ്പരാഗത യൗല നൃത്തച്ചുവടുകളുമായി സ്വദേശികളും അബുദാബിയിൽ സ്വാഗതമേകി. യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ, സാമൂഹിക വികസന വകുപ്പ് മന്ത്രി ഹെസ ബഹുമൈദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബുധനാഴ്ച ആതൻസിൽ തിരിതെളിച്ച ശേഷമാണ് വിളക്കുകളുമായി അബുദാബിയിലേക്ക് ഇത്തിഹാദ് പറന്നത്. ധൈര്യത്തിന്റെ പ്രതീകമായാണ് ഈ വിളക്ക് കണക്കാക്കപ്പെടുന്നത്. നിശ്ചയദാർഢ്യക്കാരായവരെ മറ്റെല്ലാവരെയും പോലെ തന്നെ സമൂഹത്തിൽ പരിഗണിക്കണമെന്ന വലിയ സന്ദേശമാണ് സ്പെഷ്യൽ ഒളിമ്പിക്സിന്റെ ദീപശിഖയുമായുള്ള പ്രയാണം മുന്നോട്ട് വെക്കുന്നത്.

സ്‌പെഷ്യൽ ഒളിമ്പിക്സ് ആദ്യമായി മിന മേഖലയിലെത്തുന്നതോടെ നിശ്ചയദാർഢ്യക്കാരായവരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരാനുള്ള മഹത്തായ ശ്രമങ്ങളുടെ കേന്ദ്രമായി യു.എ.ഇ. മാറുകയാണ്. സ്പെഷ്യൽ ഒളിമ്പിക്സിന്റെ വേദികളിലെല്ലാം നിശ്ചയദാർഢ്യക്കാരുടെ ലോകത്തോടുള്ള സന്ദേശം പ്രതിഫലിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഖൽഫാൻ അൽ മസ്‌റോയി പറഞ്ഞു.

ദീപശിഖ പ്രയാണം തിങ്കളാഴ്ച ഫുജൈറയിലെ വാദി അൽ വുറായ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് ആരംഭിക്കും. തുടർന്ന് റാസ് അൽ ഖൈമ, ഉം അൽ ഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിളിലൂടെ പ്രയാണം നടക്കും. ജെബൽ ജൈസ്, ഫുജൈറ കോട്ട, അൽ മജാസ് നദീതടപ്രദേശം, അൽ തിക ക്ലബ്ബ് തുടങ്ങിയവ ഇതിലുൾപ്പെടും. തുടർന്ന് ദുബായിലേക്ക് എത്തുന്ന ദീപശിഖ പ്രയാണം ബുർജ് അൽ അറബ്, ദുബായ് ഫ്രെയിം, അൽ സീഫ് വില്ലേജ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവിടങ്ങളിലൂടെ കടന്നുപോകും. മാർച്ച് പത്ത് ഞായറാഴ്ച വൈകീട്ട് 5.20-ന് ബുർജ് പാർക്കിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. ദുബായിലെ രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം സംഘം അൽ ഐൻ, അൽ ദഫ്‌റ എന്നിടങ്ങളിൽ ഓരോ ദിവസം ചെലവഴിക്കും. തുടർന്ന് അബുദാബിയിൽ എത്തുന്ന സംഘം ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഫൗണ്ടേഴ്‌സ് മെമ്മോറിയൽ, ലൂവ്ര് അബുദാബി എന്നീ കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തും. മാർച്ച് 14- ന് സായിദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നാൽപതിനായിരത്തിലധികം കാണികൾക്ക് മുന്നിൽ വർണാഭമായ ചടങ്ങുകളോടെയാണ് ഒളിംപിക്സിന് തുടക്കമാവുക.

Content Highlights: Spacial Olympics Abu Dhabi