ദുബായ്: വാണിജ്യ-വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഞായറാഴ്ച ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്തു കൊണ്ട് ചൈനയുടെ വന്മതിലിൽ ഇമറാത്തി നൃത്തം അവതരിപ്പിച്ചു. ലോകാത്ഭുതങ്ങളിൽ ഒന്നായ വന്മതിൽ കാണാനെത്തിയ സന്ദർശകർക്ക് മുന്നിൽ ഇമറാത്തി പരമ്പരാഗത നൃത്തച്ചുവടുകളുമായി അയ്ലാ നർത്തകർ ആടി.
ഒരുവർഷം മുൻപ് ചൈനീസ് പ്രസിഡന്റിന്റെ യു.എ.ഇ. സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലായ വാണിജ്യ- സംസ്കാരിക പദ്ധതികൾക്ക് ഇതോടെ തുടക്കമാകുമെന്നാണ് കരുതുന്നത്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ യു.എ.ഇ. പങ്കാളിയാണ്. പദ്ധതിയെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിലിൽ ചൈന സന്ദർശിച്ചിരുന്നു.
യു.എ.ഇ.യിലേക്ക് കൂടുതൽ ചൈനീസ് നിക്ഷേപകരെയും സന്ദർശകരെയും ആകർഷിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2020 ആകുമ്പോഴേക്കും 70 ബില്യൺ ആയി വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും സന്ദർശനത്തിന്റെ ലക്ഷ്യമാണ്. ഇരു രാജ്യങ്ങളിലെയും പൊതു- സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും വർധിപ്പിക്കും. യു.എ.ഇ.യിൽ ഏകദേശം 2,00,000 ചൈനക്കാർ താമസിക്കുന്നുണ്ട്. നിർമാണം, ഓയിൽ ആൻഡ് ഗ്യാസ്, റീട്ടെയിൽ എന്നീ രംഗങ്ങളിലാണ് ഇവരിലധികവും ജോലി ചെയ്യുന്നത്.
Content Highlights: sheikh mohammed bin zayed al nahyan visting china