അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇൻഡൊനീഷ്യയിൽ സന്ദർശനം നടത്തി. ചൈന സന്ദർശനശേഷം ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ സോയ്ക്കാനോ ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ശൈഖ് മുഹമ്മദിനെ ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ സ്വീകരിച്ചു.

തുടർന്ന് ബോഗർ കൊട്ടാരത്തിലെത്തിയ ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും ഊഷ്മളമായ ഉപചാരങ്ങളോടെ ഭരണാധികാരികൾ എതിരേറ്റു. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ 1990-ലെ ഇൻഡൊനീഷ്യ സന്ദർശനമാണ് ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിൽ അടിത്തറപാകിയതെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും ഇൻഡൊനീഷ്യയുമായി ഊഷ്മള ബന്ധമാണ് പുലർത്തിവരുന്നത്. എണ്ണ, പാചകവാതകം, പുനരുത്പാദക ഊർജം, കാർഷിക രംഗം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ യു.എ.ഇ.-ഇൻഡൊനീഷ്യ പങ്കാളിത്തമുണ്ട്. രണ്ട് രാജ്യങ്ങളും തമ്മിൽ സാമ്പത്തികരംഗത്തുള്ള സഹകരണം ഭാവി വികസനരംഗങ്ങളിൽ വലിയ ശക്തിപകരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ശൈഖ് മുഹമ്മദിന്റെ ഇൻഡൊനീഷ്യൻ സന്ദർശനം സ്വപ്നസാക്ഷാത്കാരമാണെന്ന് യു.എ.ഇ.യിലെ ഇൻഡൊനീഷ്യൻ സ്ഥാനപതി ഹസിൻ ബാഗിസ് പറഞ്ഞു. ഈ സന്ദർശനം നയതന്ത്ര രംഗത്ത് മാത്രമല്ല ചലനങ്ങൾ സൃഷ്ടിക്കുന്നത്, മറിച്ച് ഊർജം, പെട്രോകെമിക്കൽ, റീട്ടെയിൽ, തുറമുഖം, കസ്റ്റംസ്, വിനോദസഞ്ചാരം, ഫിനാൻസ് രംഗങ്ങളിലെല്ലാം നിക്ഷേപ സാധ്യത ഉയർത്തും. 10 മുതൽ 15 ബില്യൺ വരെ യു.എസ് ഡോളറിന്റെ ഇടപാടുകളാണ് ഈ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പുവെക്കുകയെന്നും അദ്ദേഹം പറഞ്ഞു.