അബുദാബി: രാജ്യത്ത് അമുസ്‌ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി. അമുസ്‌ലിങ്ങളുടെ വ്യക്തിപരമായ തർക്കങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നൽ നൽകും. പ്രതിഭയും തൊഴിൽ നിപുണതയുമുള്ള മറ്റ്‌ രാജ്യക്കാർക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാൻ ഇത് സഹായകമാകും.

മുസ്‌ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയനിയമം അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അമുസ്‌ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങൾപോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടർസെക്രട്ടറി യൂസഫ് സായിദ് അൽ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടർച്ചാവകാശം തുടങ്ങി 20 വകുപ്പുകൾ ഉൾപ്പെടുന്നതാണ് നിയമം.

പ്രസിഡന്റിന്റെ നിർദേശത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് നിയമനിർമാണം നടന്നത്. അമുസ്‌ലിം കുടുംബകാര്യങ്ങൾക്കായി പ്രത്യേകകോടതി സ്ഥാപിക്കും. വിദേശികൾക്ക് നിയമ നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവർത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകും.