ദുബായ്: യു.എ.ഇ.യുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന സേനയുടെയും ദുബായ് പോലീസിന്റെയും പ്രവർത്തന വിജയത്തിനായി ഇനിയും പ്രാർഥിക്കുന്നുവെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സുരക്ഷാസേനയിലും ദുബായ് പോലീസിലും യു.എ.ഇ. നേതൃത്വവും പൊതുജനങ്ങളും വിശ്വസിക്കുന്നുവെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.

വൈദഗ്ധ്യമുള്ള പുതിയ കേഡർമാർക്ക് ബിരുദം നൽകി ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ശൈഖ് ഹംദാന്റെ ട്വീറ്റ്. ബുധനാഴ്ച കൊക്കകോള അരീനയിലാണ് പോലീസ് അക്കാദമിയുടെ 27-മത് ബാച്ചിന്റെ ബിരുദദാനച്ചടങ്ങ് നടന്നത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന നിരവധി പ്രകടനങ്ങൾ ചടങ്ങിലുണ്ടായി. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും സി.ഇ.ഒ.യും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം ഉൾപ്പെടെ പോലീസിൽ നിന്നും മറ്റ് വകുപ്പുകളിൽനിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

യു.എ.ഇ. ദേശീയഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ശൈഖ് ഹംദാൻ ഗ്രാേജ്വഷൻ ഓഫീസേഴ്‌സിന്റെ വരികൾ പരിശോധിച്ചു. ബ്രിഗേഡിയർ ഡോ. ഗെയ്ത്ത് ഗാനിം അൽ സുവൈദി ഗ്രാജ്വേഷൻ പരിപാടിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. അക്കാദമിക് പ്രോഗ്രാമുകളിലും പരിശീലനത്തിലും ആധുനിക സാങ്കേതികവിദ്യകളുടെ സംയോജനത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് അക്രഡിറ്റേഷൻ കമ്മിഷന്റെ ബാച്ചിലർ ഓഫ് സെക്യൂരിറ്റി ആൻഡ്‌ ക്രിമിനൽ സയൻസിൽ പുതുതായി ആരംഭിച്ച പത്ത് പ്രത്യേക ട്രാക്കുകളുടെ അംഗീകാരത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കി. കഴിഞ്ഞവർഷം ആഗോളതലത്തിൽ മികച്ച പ്രവർത്തന മികവിന് പോലീസ് അക്കാദമി നിരവധി പുരസ്കാരം നേടിയിരുന്നുവെന്നും സൂചിപ്പിച്ചു. ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്.

Content Highlights: sheikh handan in graduation ceremony