ദുബായ്: ഒഴിവുസമയങ്ങള്‍ പ്രിയപ്പെട്ടവരോടൊത്ത് ചെലവിടുന്ന യു.എ.ഇ. നേതാക്കളുടെ ഒട്ടേറെ വിശേഷങ്ങളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പലപ്പോഴും പുറത്തുവരാറുണ്ട്. അവയെല്ലാം ഏറെ പ്രിയത്തോടെയാണ് പൊതുജനം സ്വീകരിക്കാറുള്ളത്. അത്തരത്തിലൊരു വീഡിയോയാണ് കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാംവഴി വൈറലായിരിക്കുന്നത്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് വാത്സല്യംനിറഞ്ഞ പുതിയ വീഡിയോ പുറത്തുവിട്ടത്.

പ്രിയപ്പെട്ട ഒട്ടകങ്ങളുടെ പേരുചൊല്ലി വിളിക്കുമ്പോള്‍ അവ ഹംദാന് അടുത്തെത്തുന്നതും വാത്സല്യത്തോടെ അവയോട് ഇടപഴകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എമ്മാര്‍, ഫെയേഴ്സ് എന്ന് വിളിക്കുമ്പോള്‍ ഒട്ടകങ്ങള്‍ ഹംദാന് അരികിലേക്ക് ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ശൈഖ് ഹംദാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.

മെഴ്സിഡസ് ജി ക്ലാസിലെ ഡ്രൈവര്‍ സീറ്റിലിരുന്നാണ് അദ്ദേഹം ഒട്ടകങ്ങളെ താലോലിക്കുന്നത്. ഒട്ടകങ്ങള്‍ക്ക് അദ്ദേഹം ലഘുഭക്ഷണം നല്‍കിയും തുടര്‍ന്ന് അവയുടെ മുഖത്ത് ചുംബിക്കുകയും തലോടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

നേരത്തെ തന്റെ പ്രിയപ്പെട്ട കുതിരകള്‍, ജിറാഫുകള്‍, ഫാല്‍ക്കണുകള്‍, ഓറിക്‌സുകള്‍ തുടങ്ങിയവയോടൊത്തുള്ള വീഡിയോ ദൃശ്യങ്ങളും ശൈഖ് ഹംദാന്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

Content Highlights: : Sheikh Hamdan calls his camels by name and they come to him