ഷാർജ: ഒൻപതാമത് ഷാർജ സ്റ്റാമ്പ് എക്സിബിഷന് ഷാർജ മെഗാമാളിൽ തുടക്കമായി. ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 17 വരെ നടക്കുന്ന പ്രദർശനം എമിറേറ്റ്‌സ് ഫിലാറ്റലിക് അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്.

17 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സ്റ്റാമ്പ്, നാണയ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. 120 ചെറുവേദികളിലാണ് പ്രദർശനം നടക്കുന്നത്. എമിറേറ്റ്‌സ് ഫിലാറ്റലിക് അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല ഖൂരി, മുഹമ്മദ് അഹമ്മദ് അൽ മൂർ, ഷാർജ മെഗാമാൾ മാർക്കറ്റിങ് മാനേജർ മുഹമ്മദ് സുറൂർ എന്നിവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും അപൂർവമായ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും ശേഖരമാണ് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് കാണാനാവുകയെന്ന് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി പറഞ്ഞു. ഷാർജയിലെ സാംസ്കാരിക പൈതൃക വിനോദസഞ്ചാരത്തിന് ഏറെ സാധ്യതകൾ തുറന്നിടുന്നതാണ് പ്രദർശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.