ഷാർജ : അൽ ദൈദ് അൽ ബ്രിദി വന്യജീവി സങ്കേതത്തിലെ സഫാരി പാർക്കിലേക്ക് 121 വ്യത്യസ്തതരം അതിഥികളെത്തുന്നു. വിവിധ മൃഗങ്ങൾ, സസ്തനികൾ, പക്ഷികൾ തുടങ്ങി നൂറിലേറെ അതിഥികളെത്തിയതായി അധികൃതർ അറിയിച്ചു. കൂടാതെ ആഫ്രിക്കൻ വൈൽഡ് കടലാമകൾ, മുതലകൾ, ആഫ്രിക്കൻ റോക്ക് പൈത്തൺ, അരയന്നങ്ങൾ തുടങ്ങി അമ്പതിനായിരത്തോളം മൃഗങ്ങളാണ് 16 ചതുരശ്ര കിലോമീറ്ററിലുള്ള സങ്കേതത്തിലുള്ളത്.

ആഫ്രിക്കക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവുംവലിയ സഫാരി പാർക്ക് പദ്ധതിയാണ് ഷാർജയിലേത്. വ്യത്യസ്ത ആഫ്രിക്കൻ മൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ മേഖല ഇക്കോടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമാണെന്ന് ഷാർജ പരിസ്ഥിതി സംരക്ഷണ മേഖലാ അതോറിറ്റി ചെയർപേഴ്‌സൺ ഹാന സെയ്ഫ് അൽ സുവൈദി പറഞ്ഞു. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുകയും പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ആഫ്രിക്കൻ വന്യജീവി ആവാസവ്യവസ്ഥ പുനസൃഷ്ടിക്കാനായി സഫാരി പാർക്ക് ശ്രദ്ധാപൂർവമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിനായി ധാരാളം മരങ്ങളും ഉണങ്ങിയ പുല്ലുകളും ഉപയോഗിച്ചെന്നും അധികൃതർ വ്യക്തമാക്കി.

ജിറാഫുകൾക്കായി പ്രത്യേക രൂപകല്പനയിലാണ് അന്തരീക്ഷമുണ്ടാക്കിയത്. 15 എണ്ണം സഫാരി അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനായി ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. മുതലകൾക്കായി തടാകങ്ങളും സജ്ജമാക്കി. സിംഹങ്ങൾക്കായി പ്രത്യേകതരം ഗുഹാനിർമാണം നടക്കുന്നു. കണ്ടാമൃഗങ്ങൾക്കും വാസസ്ഥലങ്ങളൊരുക്കുന്നുണ്ട്.

സഫാരി പാർക്കിൽ സന്ദർശകർക്കായി ക്യാമ്പ് സൗകര്യങ്ങളും ഭക്ഷണശാലകളുമുണ്ടാകും. ആഫ്രിക്കൻ വന്യജീവികളെ കാണാനുള്ള അവസരമൊരുക്കുകയാണ് ഈ ടൂറിസം കേന്ദ്രം. കൂടാതെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പ്രജനനത്തിനായി ശാസ്ത്രീയ ഗവേഷണ പദ്ധതിയും ആസൂത്രണംചെയ്യുന്നുണ്ട്. സഫാരി പാർക്കിന് ചുറ്റും അൽ ബ്രിദി റിസർവ് ഉണ്ട്. ഇതിന് ഏകദേശം 18.5 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.