ഷാർജ: പുതുവത്സരാഘോഷത്തിന് ഷാർജയൊരുങ്ങി. ഷാർജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അൽ മജാസ് വാട്ടർഫ്രണ്ടിലാണ് 2019 -നെ വരവേൽക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വർണനക്ഷത്രങ്ങൾ തീർക്കുന്ന ഖാലിദ് ലഗൂണിലെ കരിമരുന്ന് പ്രയോഗമാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന പരിപാടി.

പ്രത്യേകമായി തീർത്ത 16 അലങ്കാര നൗകകളിൽ നിന്നായിരിക്കും കരിമരുന്ന് പ്രയോഗം ഉണ്ടാവുക. അൽ മജാസിന്റെ സമീപ പ്രദേശങ്ങളായ മറ്റ് വിനോദ സഞ്ചാരയിടങ്ങളിൽനിന്ന് സന്ദർശകർക്ക് ആസ്വദിക്കാൻ പാകത്തിലായിരിക്കും കരിമരുന്ന് പ്രയോഗമുണ്ടാവുക. കൂടാതെ ഷാർജ ഫൗണ്ടേഷന്റെ പ്രത്യേക പ്രദർശനവും പുതുവത്സരാഘോഷത്തിന്‌ മാറ്റുകൂട്ടും.

അൽ നൂർ ദ്വീപ്, അൽ കസബ,ഫ്ലാഗ് അയലൻഡ്, കോർണീഷ് എന്നിവടങ്ങളിലെല്ലാം ആളുകൾക്ക് അൽ മജാസിൽ നടക്കുന്ന കരിമരുന്ന് പ്രയോഗം ആസ്വദിക്കാൻ സാധിക്കും. പോയവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുവർഷം ആഘോഷിക്കാനായി നൂറുകണക്കിന് സന്ദർശകരാണ് ഷാർജ അൽ മജാസിൽ എത്തിയതെന്ന് അൽ മജാസിന്റെ് വാട്ടർ ഫ്രൺഡ് മാനേജർ മർവ ഉബൈദ് അൽ ഷംസി പറഞ്ഞു. അടുത്തമാസം 15- വരെ നീളുന്ന ശൈത്യകാല ആഘോഷവും അൽ മജാസിൽ ആരംഭിച്ചുകഴിഞ്ഞു. നിരവധി പ്രദർശനങ്ങളും മത്സരങ്ങളുമുള്ള ശൈത്യകാല ആഘോഷത്തിൽ പങ്കെടുക്കാനായി നേരത്തെ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിവരങ്ങൾക്ക് ഫോൺ: 065 5117011.

Content Highlights: Sharjah Redy to Welcome new year