ഷാർജ: ഒരേസ്ഥാപനത്തിൽ ജോലിലഭിച്ച് യു.എ.ഇ.യിലെത്തിയശേഷം വഞ്ചിക്കപ്പെട്ട എറണാകുളം കറുകുറ്റി സ്വദേശികളായ ദമ്പതിമാർക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ സാഹചര്യമായി. സാമൂഹികപ്രവർത്തകരുടെ ഇടപെടലാണ് ദമ്പതിമാർക്ക് തുണയായത്. വെള്ളിയാഴ്ച ഇരുവരും നാട്ടിലേക്ക് മടങ്ങും.

ദുബായ് അൽ ബാദയിലുള്ള കൊല്ലം, പത്തനംതിട്ട സ്വദേശികളായ രണ്ടുപേരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് തൊഴിൽ വിസയിലാണ് ദമ്പതിമാർ എത്തിയത്. രണ്ടുലക്ഷം രൂപ വിസയ്ക്കുവേണ്ടി ദമ്പതിമാർ സ്ഥാപന ഉടമകൾക്ക് നൽകിയിരുന്നു. മേയ് 11-ന് ഷാർജയിലെത്തിയ ഇരുവർക്കും ഏഴുമാസമായിട്ടും ശമ്പളം നൽകുകയോ വിസയടിക്കുകയോ ചെയ്തില്ല. അതിനിടയിലാണ് ആരോടുംപറയാതെ ഉടമകൾ നാട്ടിലേക്ക് കടന്നത്. അതോടെ ബുദ്ധിമുട്ടിലായ ദമ്പതിമാർക്ക് താമസൗകര്യം പോലും ഇല്ലാതെയായി. ദുബായ് പോലീസിലും ഇവർ പരാതി നൽകിയിരുന്നു. ഏഴുമാസം ഗർഭിണിയായ ഭാര്യക്ക് ആവശ്യമായ ചികിത്സാസൗകര്യത്തിനുപോലും ഭർത്താവിന്റെ കൈയിൽ പണമില്ലാത്ത സാഹചര്യമായിരുന്നു.

സ്ഥാപനത്തിൽ മുൻപ് ജോലിചെയ്തിരുന്ന കമ്പനാട് സ്വദേശി മുഖേനയാണ് ദമ്പതിമാർക്ക് തൊഴിൽ വിസ ലഭിക്കുന്നത്. കമ്പനാട് സ്വദേശിയുടെ സഹായത്തിലാണ് ആദ്യം കരാമയിൽ താമസസൗകര്യവും ലഭിച്ചത്. പിന്നീട് താമസിക്കുന്ന മുറിയുടെ കരാർ അവസാനിച്ചപ്പോൾ തല ചായ്ക്കാൻ പോലും അവർക്കിടമില്ലാതായി. വിവരമറിഞ്ഞ സാമൂഹികപ്രവർത്തക ലൈല അബൂബക്കറാണ് പിന്നീട് സഹായത്തിനെത്തിയത്. പാസ്‌പോർട്ടിൽ വിസയടിക്കാത്തതിന് പത്തായിരം ദിർഹത്തിലധികം പിഴയടച്ചാൽ മാത്രമേ ദമ്പതിമാർക്ക് നാട്ടിലേക്ക് പോകാൻ സാധിക്കുമായിരുന്നുള്ളു. അങ്കമാലി അസോസിയേഷൻ മുൻകൈയെടുത്താണ് പിഴയടച്ച് ദമ്പതിമാർക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യമൊരുക്കിയത്.