ഷാർജ: സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി റയാൻ ഇന്റർനാഷണൽ സ്കൂൾ ഷാർജയിൽ സഹിഷ്ണുതാ മിനിത്തോൺ സംഘടിപ്പിച്ചു.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ ഷാർജയിലെ 25 സ്കൂളുകളിൽനിന്നുള്ള രണ്ടായിരത്തോളം പേർ സംബന്ധിച്ചു. വിദ്യാർഥികളും യു.എ.ഇ.യിലെ വിവിധ സർക്കാർ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ് ട്രാക്കിലിറങ്ങിയത്. കോൺസുലേറ്റ് വിദ്യാഭ്യാസ വിഭാഗം കോൺസുൽ പങ്കജ് ബോദ്‌കേ, ഇൻഡൊനീഷ്യ കോൺസുൽ ജനറൽ റിദ്‌വാൻ ഹസ്സൻ, കമ്യൂണിറ്റി റിലേഷൻസ് ഡയറക്ടർ മുഹമ്മദ് ഖലീഫ അൽ സുദി എന്നിവർ മുഖ്യാതിഥികളായി. എയർ അറേബ്യ സി.ഇ.ഒ. ആദിൽ അലി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ തുടങ്ങിയവരും സംബന്ധിച്ചു.

ഗാന്ധിജയന്തിയോടനുബന്ധിച്ച് 19 വർഷമായി ഇന്ത്യയിൽ നടത്തി വരുന്ന സഹിഷ്ണുതാ മിനിത്തോൺ സഹിഷ്ണുതാവർഷം പ്രമാണിച്ചും ശൈഖ് സായിദ് ജന്മശതാബ്ദി പ്രമാണിച്ചുമാണ് യു.എ.ഇ.യിലേക്കും വ്യാപിപ്പിച്ചതെന്ന് റയാൻ ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.ഇ.ഒ. റയാൻ പിന്റൊ പറഞ്ഞു. ലോക സഹിഷ്ണുതാ ദിനത്തിൽ അബുദാബിയിൽ സംഘടിപ്പിച്ച സഹിഷ്ണുതാ മിനിത്തോണിലെ പങ്കാളിത്തം ആവേശകരമായിരുന്നു. തുടർന്നാണ് ഷാർജയിലും സംഘടിപ്പിച്ചത്.