ഷാർജ: സഭയുടെ നാവായി നിന്ന് ദേശീയ ബോധം സഭാജനങ്ങളിൽ ഉണർത്തുന്നതിലും വേദപുസ്തകാടിസ്ഥാനത്തിൽ സഭയെ വളർത്തുന്നതിലും സഭാ താരക വഹിച്ച പങ്ക്‌ നിർണായകമാണെന്ന് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത പ്രസ്താവിച്ചു. 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന മലങ്കര സഭാതാരകയുടെ യു.എ. ഇ.യിലെ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷാർജ മാർത്തോമ്മ പള്ളിയിൽ നടന്ന ചടങ്ങിൽ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. റവ. സിജു സി. ഫിലിപ്പ്, റവ. ഷിജോയ് എബ്രഹാം സ്കറിയ, റവ. സജേഷ് മാത്യൂസ്, തോമസ് മാത്യു, ചെറിയാൻ തോമസ്, പ്രോമോദ് ജോർജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. റവ. സിബി ടി. മാത്യൂസ് സ്വാഗതവും യു.എ.ഇ. കോ-ഓർഡിനേറ്റർ ജോബി കെ. ജോഷ്വ നന്ദിയും പറഞ്ഞു. റവ. സുനിൽ എം. ജോൺ പ്രാരംഭപ്രാർഥനയ്ക്കും റവ. ജോ മാത്യു സമാപന പ്രാർഥനയ്ക്കും നേതൃത്വം നൽകി. മലങ്കര സഭയുടെ നവീകരണാശയങ്ങൾ സഭാ ജനങ്ങളിലേക്കെത്തിക്കുകയാണ് സഭാതാരക പ്രസിദ്ധീകരണം ചെയ്യുന്നത്.