ഷാർജ: ഷാർജ സർക്കാരിന് കീഴിലുള്ള ലേബർ സ്റ്റാൻഡേർഡ്‌സ്‌ ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റ് ആരംഭിച്ചു. ഷാർജ വിമാനത്താവളത്തിന് എതിർവശത്തെ നാഷണൽ പാർക്കിലെ സ്‌പോർട്‌സ് മൈതാനത്തിലാണ് മത്സരങ്ങൾ.

വെള്ളിയാഴ്ച ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി പ്രതിനിധി അഹമ്മദ് അൽ ഖാസീർ ടൂർണമെന്റ് ഉദ്ഘാടനംചെയ്തു. ഷാർജയിലെ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള തൊഴിലാളികൾ ചേർന്നുള്ള സൗഹൃദമത്സരമായിരുന്നു ഉദ്ഘാടനദിവസം നടന്നത്. അടുത്ത വെള്ളിയാഴ്ചയാണ് മത്സരങ്ങൾ തുടങ്ങുന്നത്.

ഈ വർഷം ക്രിക്കറ്റ്, വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ഹോക്കി എന്നീ അഞ്ചുഗെയിമുകളിലാണ് മത്സരം. 2020 മാർച്ച് 27 വരെ ടൂർണമെന്റ് നീണ്ടുനിൽക്കും. 140 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിലെ വിജയികൾക്ക് 2,50,000 ദിർഹം കാഷ് പ്രൈസും ട്രോഫികളുമാണ് സമ്മാനമായി നൽകും. മത്സരിക്കുന്നവർക്കും മത്സരം കാണാനെത്തുന്നവർക്കും സമ്മാനങ്ങൾ നേടാനുള്ള അവസരവും അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴുമണി മുതൽ വൈകീട്ട് 5.30 വരെയായിരിക്കും കളികൾ. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ നിർദേശപ്രകാരം 2017 മുതലാണ് തൊഴിലാളികൾക്ക് മാത്രമായി ഷാർജയിൽ ടൂർണമെന്റ് ആരംഭിച്ചത്.