ഷാർജ: കേരളത്തിൽ താമസിയാതെ സ്വന്തമായി വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് യു.എ.ഇ യിലെ സ്വദേശിപ്രമുഖർ. കേരളവുമായുള്ള അടുത്ത ബന്ധവും മലയാളികളോടുള്ള അടുപ്പവുംതന്നെ ഇതിനുള്ള അടിസ്ഥാനം. അതൊടൊപ്പം കേരളത്തിന്റെ മനോഹാരിതയും.

മാതൃഭൂമി ഒരുക്കിയ കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ അതിഥികളായെത്തിയ ഷാർജ രാജകുടുംബാംഗവും ഷാർജ ഔഖാഫ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമദ് അൽ ഖാസിമി പരസ്യമായിത്തന്നെ ഈ കാര്യം പ്രഖ്യാപിച്ചു. കേരളത്തെ സ്‌നേഹിക്കുകയും അവിടെ വീട് വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന പ്രഖ്യാപനം സദസ്സ് വൻഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. എല്ലാ വർഷവും ആറുമാസംമാത്രം യു.എ.ഇയിൽ താമസിച്ചുവന്ന ഒരുഅമ്മാവൻ ശേഷിക്കുന്ന ആറുമാസം കേരളത്തിലായിരുന്നു വിശ്രമിച്ചതെന്നത് ഞങ്ങളെ അദ്‌ഭുതപ്പെടുത്തിയിരുന്നു. ഇതും കേരളത്തോടുള്ള പ്രണയംകൂട്ടിയതായി അദ്ദേഹം പറഞ്ഞു.

സമാപനച്ചടങ്ങ് കഴിഞ്ഞശേഷം മേള കാണാനെത്തിയ ഷാർജയിലെ വാണിജ്യപ്രമുഖനായ ബുഖാദിർ ഗ്രൂപ്പ് ഡയറക്ടർ ഖലഫ് അബ്ദുൾറഹ്മാൻ ബുഖാദിറും കേരളത്തിൽ വീട് വാങ്ങാനുള്ള ആഗ്രഹംപ്രകടിപ്പിച്ചു. വയനാടും കൊച്ചിയുമൊക്കെ തന്നെ എപ്പോഴും മോഹിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Content Highlights: kerala property expo 2019