Kerala property expo 2019

ഷാർജ: മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ ഒരുക്കിയ കേരള പ്രോപ്പർട്ടി എക്സ്‌പോ ഇത്തവണ ബിൽഡർമാരുടെ പങ്കാളിത്തംകൊണ്ടുതന്നെ വിപുലമായിരുന്നു. എന്നാൽ, കേരളത്തിൽനിന്നെത്തിയ ബിൽഡർമാരെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു രണ്ടുദിവസവും ജനം ഒഴുകിയെത്തിയത്.

സൗജന്യമായ കലാപരിപാടികളൊന്നും ഇല്ലാതിരുന്നിട്ടും പ്രോപ്പർട്ടി ഷോ നടന്ന ഷാർജ എക്സ്‌പോ സെന്ററിലേക്ക് ഇത്രമാത്രം തത്പരരായ ജനക്കൂട്ടം എത്തിയത് അപൂർവമായ അനുഭവമാണെന്ന് മേളയിൽ പങ്കെടുത്ത മിക്ക ബിൽഡർമാരും അഭിപ്രായപ്പെട്ടു. വിപണിയെക്കുറിച്ചും ഗൾഫ് നാടുകളിലെ പ്രതികൂലസാഹചര്യങ്ങളെക്കുറിച്ചും അറിവുള്ളതിനാൽ പലരും സംശയത്തോടെയായിരുന്നു ഇത്തവണ എത്തിയത്. എന്നാൽ, ആദ്യ മണിക്കൂറുകളിൽതന്നെ ആ സംശയം അസ്ഥാനത്തായെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറഞ്ഞു. മേള കാണാൻ കൂട്ടമായി എത്തിയവരും കുടുംബങ്ങളും വെറുതേ സമയംപോക്കുകയായിരുന്നില്ല. എല്ലാവർക്കും വീടുകളെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നു. അവ പങ്കുവെച്ചും ലഭ്യമായ പദ്ധതികളെക്കുറിച്ച് ചോദിച്ചറിഞ്ഞും പ്രദർശനം ചുറ്റിക്കണ്ടവർക്കെല്ലാം കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. പ്രവാസികൾക്ക് വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാനുള്ള അവസരമായാണ് ‘മാതൃഭൂമി’യുടെ ഈ സംരംഭത്തെ അവർ കണ്ടതെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

ക്രെഡായിയുടെ നേതൃത്വത്തിൽ വിശ്വസനീയമായ ബിൽഡർമാരും അവരുടെ എണ്ണമറ്റ ഭവനപദ്ധതികളും എക്സ്‌പോയെ ഏറെ ആകർഷകമാക്കിയെന്ന് മേള കാണാനെത്തിയവരും പറഞ്ഞു. കൂടുതൽ വിപുലമായി വരുംവർഷങ്ങളിലും ഇത്തരം സംരംഭങ്ങൾ എത്തണമെന്ന് നിർദേശിച്ചാണ് പലരും മടങ്ങിയത്. ഒട്ടേറെപേർ പദ്ധതികളിൽ താത്‌പര്യം കാണിച്ചതും മേളയെ വ്യത്യസ്തമാക്കി.

Content Highlights: kerala property expo 2019