ഷാർജ(യു.എ.ഇ.): ആരോഗ്യരംഗത്തെ പുത്തൻ അറിവുകൾ പങ്കുവെച്ച്, നല്ലജീവിതത്തിനായി അവ ഉൾക്കൊണ്ട വലിയ ജനക്കൂട്ടത്തിന്റെ പങ്കാളിത്തത്തോടെ ‘മാതൃഭൂമി ആരോഗ്യമാസിക’ ഷാർജയിൽ സംഘടിപ്പിച്ച കേരള ഹെൽത്ത് എക്‌സ്‌പോ സമാപിച്ചു. വെള്ളിയാഴ്ച കാലത്തുമുതൽ രാത്രി എട്ടുവരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടന്ന ആരോഗ്യപ്രദർശനം കാണാനും വിദഗ്ധ ഡോക്ടർമാരുടെ പ്രഭാഷണങ്ങൾ കേൾക്കാനും വലിയ സദസ്സാണ് സദാസമയവും ഉണ്ടായിരുന്നത്. വിവിധ ആരോഗ്യസ്ഥാപനങ്ങളുടെ സ്റ്റാളുകളിലും ചികിത്സാസൗകര്യങ്ങളെക്കുറിച്ച് അറിയാനായി ഒട്ടേറെപ്പേരെത്തി.

വൈകീട്ടുനടന്ന സമാപനച്ചടങ്ങിൽ പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ഷാർജ ഗവൺമെന്റിന്റെ ഇക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്മെന്റ് ജനറൽ സർവീസസ് സെക്‌ഷൻ മേധാവി അഹ്മദ് അബ്ദുറഹ്മാൻ ഖമീസ് അൽ ജസ്മിയും മുഖ്യാതിഥികളായിരുന്നു.

കേരളത്തിലെ പ്രഗല്‌ഭ ഭിഷഗ്വരരായ ഡോ. വി.പി. ഗംഗാധരൻ, ഡോ. ഷോൺ ടി. ജോസഫ് (ഓങ്കോ സർജൻ), ഡോ. ജിലീപ് പണിക്കർ (ന്യൂറോ സർജൻ), ഡോ. പ്രസാദ് സുരേന്ദ്രൻ, ഡോ. രവി ചെറിയാൻ (കാർഡിയോളജി), ഡോ. അനിൽകുമാർ (ന്യൂറോളജി), ഡോ. മാത്യു പാപ്പച്ചൻ (റീപ്രൊഡക്ടീവ് മെഡിസിൻ), ഡോ. ഷജീം ഷാഹുദീൻ (റേഡിയോളജിസ്റ്റ്), ഡോ. എം.ബി. വിനീത് (ഓർത്തോപീഡിക്‌സ്) എന്നിവരാണ് ഹെൽത്ത് എക്‌സ്‌പോയിൽ അവരുടെ മേഖലകളിലെ പുത്തൻസമീപനങ്ങളെക്കുറിച്ച് സംസാരിച്ചത്. സദസ്സിന്റെ സംശയങ്ങൾക്ക് മറുപടിയും നൽകി.

കേരളത്തിലെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാളുകൾ ഹെൽത്ത് എക്‌സ്‌പോയിൽ സജ്ജീകരിച്ചിരുന്നു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, ബി.ആർ. ലൈഫ് എസ്.യു.ടി.പട്ടം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, വിവിഡ് ഇമേജിങ് ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ, ലൈഫ് ലൈൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, റിജൻകെയർ, കേരളീയ ആയുർവേദസമാജം, സി.ഐ. കോസ്‌മെറ്റിക് ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ എന്നീ ആരോഗ്യസ്ഥാപനങ്ങളുടെ പവിലിയനുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ സ്റ്റാളിൽ സജ്ജമാക്കിയ രക്തസമ്മർദപരിശോധനയ്ക്കും വലിയ തിരക്കനുഭവപ്പെട്ടു. മേളയിലുണ്ടായിരുന്ന സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങൾ അഹ്മദ് അബ്ദുറഹ്മാൻ ഖമീസ് അൽ ജസ്മി സമ്മാനിച്ചു. ഹെൽത്ത് എക്‌സ്‌പോയുടെ ഭാഗമായി കുട്ടികൾക്കായി പെയിന്റിങ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.