ഷാർജ: പുതുപുത്തൻ പുസ്തകങ്ങളുടെ കൂമ്പാരങ്ങൾ, പതിവുതെറ്റാതെ വിദൂരദേശങ്ങളിൽനിന്നുവരെ അക്ഷരപ്രേമികൾ... ഷാർജയിലെ പുസ്തകോത്സവത്തിന് ഒരിക്കൽകൂടി തിരിതെളിഞ്ഞു.

മുപ്പത്തിയെട്ടാം ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഉദ്ഘാടനംചെയ്യാൻ ഷാർജ എക്‌സ്‌പോ സെന്ററിൽ ഇത്തവണയും ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എത്തി. തുർക്കിയിൽനിന്നുള്ള എഴുത്തുകാരനും നൊേബൽ സമ്മാനജേതാവുമായ ഓർഹാൻ പാമൂക്ക്, അമേരിക്കൻ നടനും എഴുത്തുകാരനുമായ സ്റ്റീവ് ഹാർവെ എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. എക്‌സ്‌പോ സെന്ററിലെ ബാൾ റൂമിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് ലോകരാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ എഴുത്തുകാരും സാക്ഷികളായി. ലെബനീസ് എഴുത്തുകാരിയും നിരൂപകയുമായ ഡോ. യുമ്‌ന അൽ ഈദ് ആണ് പുസ്തകമേളയോടനുബന്ധിച്ച് 2019-ലെ സാംസ്കാരികവ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടത്.

‘തുറന്ന പുസ്തകങ്ങൾ, തുറന്ന മനസ്സുകൾ’ എന്ന ശീർഷകത്തിലുള്ള ഈ വർഷത്തെ പുസ്തകമേളയിൽ 81 രാജ്യങ്ങളിൽനിന്നായി രണ്ടായിരത്തിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളം, തമിഴ് ഭാഷകളിലുള്ള ഇരുനൂറ്റിമുപ്പതിലേറെ പുസ്തകങ്ങളാണ് പ്രകാശനംചെയ്യുന്നത്. സന്ദർശകരുടെ എണ്ണത്തിന്റെയും പ്രസാധകരുടെ പങ്കാളിത്തത്തിന്റെയുംകാര്യത്തിൽ ഈ വർഷത്തെ പുസ്തകമേള മുൻവർഷങ്ങളിലേതിനെക്കാൾ മികച്ചുനിൽക്കുമെന്നാണ് സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റിയുടെ വിലയിരുത്തൽ.

കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഇക്കുറി ഒരുക്കിയിട്ടുണ്ട്. കൂടുതൽ തിരക്കനുഭവപ്പെടുന്ന പുസ്തകപ്രകാശന ചടങ്ങുകൾക്ക് പുതിയ സംവിധാനമുണ്ട്. എല്ലാ ദിവസവും രാവിലെ പത്തു മുതൽ തുടർച്ചയായ പുസ്തകപ്രകാശനങ്ങൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് പ്രത്യേക പുസ്തകപ്രകാശനവേദി സജ്ജീകരിച്ചിട്ടുണ്ട്.

കുട്ടികൾക്കായി വിപുലമായ സൗകര്യങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾ രചിച്ച നാൽപ്പതോളം പുസ്തകങ്ങളാണ് പ്രകാശനത്തിനൊരുങ്ങുന്നത്. യു.എ.ഇ.യിലെ ഒരു സ്കൂളിലുള്ള മുപ്പതു കുട്ടികൾചേർന്നു രചിച്ച പുസ്തകവും പ്രകാശനത്തിനെത്തുന്നുണ്ട്. കുട്ടികൾക്കുള്ള സിനിമാപ്രദർശനത്തിന് ‘കോമിക് കോർണർ’ എന്ന പേരിൽ ഏഴാം നമ്പർ ഹാളിൽ പ്രത്യേക തിയേറ്ററുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാം പുസ്തകമേളയായ ഷാർജ മേള നവംബർ ഒൻപതിന് സമാപിക്കും.

Content Highlights: Sharjah International Book festival