ഷാർജ : കോവിഡ് ആശങ്കകൾക്കുശേഷം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 40-ാമത് പതിപ്പിൽ ആസ്വാദകരെ കാത്തിരിക്കുന്നത്, അതിഥികളുടെ വൈവിധ്യമാർന്ന ശ്രേണി. പ്രശസ്ത ഇന്ത്യൻ എഴുത്തുകാരൻ ചേതൻ ഭഗതിന്റെ പുതിയ കൃതിയായ ‘400 ഡെയ്‌സ്’ എന്ന നോവലിന്റെ ആഗോളപ്രകാശനം മേളയിൽ നടക്കും.

പ്രശസ്ത മാധ്യമപ്രവർത്തകൻ വീർ സംഘ്‌വി, മുൻനിര ഇന്ത്യൻ സംരംഭകൻ ഹർഷ് മരിവാല, യുവ നോവലിസ്റ്റ് രവീന്ദർ സിങ്‌, ജ്ഞാനപീഠ പുരസ്കാരജേതാവ് അമിതാവ് ഘോഷ് എന്നിവരും മേളയിൽ പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്. അമിതാവ് ഘോഷ് അവതരിപ്പിക്കുന്ന തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവലിൽ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിൽ നിന്നുള്ള പാഠങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. കൂടാതെ, ‘ഇൻഡിക -ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ചരിത്രം’ എന്ന കൃതിയുമായി യുവ എഴുത്തുകാരൻ പ്രണയ് ലാലും ഉണ്ടാകും. ഒരുപക്ഷേ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രത്തെ മറികടന്നുകൊണ്ട് ഈ വിഷയത്തിലുള്ള ഒരേയൊരു കൃതിയാണിത്.

പ്രശസ്ത എഴുത്തുകാരായ പി.എഫ്. മാത്യൂസ്, മനോജ് കുറൂർ എന്നിവർ ഇത്തവണത്തെ മേളയിൽ മലയാളത്തിന്റെ അഭിമാന സാന്നിധ്യങ്ങളാകും. മലയാള സാഹിത്യ ഭൂപ്രകൃതിയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും തങ്ങളുടെ സമീപകാല കൃതികളെക്കുറിച്ചും അവർ ആസ്വാദകരോട് സംവദിക്കും. 2020-ൽ പുറത്തിറങ്ങിയ നോവൽ ‘മുറിനാവ്’, പുതിയ കവിതാസമാഹാരം എന്നിവയുടെ വിശേഷങ്ങളുമായാണ് കവിയും താളവാദ്യ വിദ്വാനുമായ മനോജ് കുറൂർ എത്തുന്നത്. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ് മുൻകാല കൃതികളിൽനിന്ന് വ്യത്യസ്തമായി, തന്റെ പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെ പരിചയപ്പെടുത്തുന്നു. മൂന്നുമാസംമുമ്പ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പും ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞു. സാധാരണ മലയാളിയുടെ മുന്നിലേക്ക് ലോകത്തിന്റെ ജാലകം തുറന്നിട്ട സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യവും ഇത്തവണത്തെ പ്രത്യേകതയാണ്. ‘ജീവിതം ഒരു മൊണാലിസച്ചിരിയാണ്’ എന്ന തന്റെ പുതിയ അനുഭവക്കുറിപ്പുകൾ അവതരിപ്പിച്ചിട്ടുകൊണ്ട് എഴുത്തുകാരി ദീപാ നിശാന്തും മേളയിൽ ഉണ്ടാകും.

സാഹിത്യ സാംസ്കാരികരംഗത്തെ പ്രമുഖരോടൊപ്പം യു ട്യൂബ് അടക്കമുള്ള നവമാധ്യമരംഗത്തെ ജനപ്രിയ താരങ്ങളും ഇത്തവണ മേളയുടെ ഭാഗമാകും. സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരജേതാവായ അബ്ദുൾ റസാഖ് ഗുർന, മുൻവർഷത്തെ ജേതാവായ ലൂയിസ് ഗ്ലക്ക് എന്നിവർ ഇത്തവണത്തെ മേളയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഒപ്പം, യുട്യൂബിലൂടെ ഏറെ പ്രശസ്തമായ ജോർഡിൻഡിയൻ താരങ്ങളും ഇക്കിഗായിയുടെ സഹ-രചയിതാവ് ഫ്രാൻസെസ്‌ക് മിറാലെസ് എന്നിവരും ഉണ്ടാകും. എല്ലാത്തവണയുമെന്നപോലെ, യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസജീവിതത്തെ പ്രതിധ്വനിപ്പിക്കുന്ന ഒട്ടേറെ എഴുത്തുകാർക്കും പരിപാടികൾക്കും ഷാർജാ പുസ്തകോത്സവം ആതിഥേയരാകുന്നുണ്ട്.

നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ പ്രസാധകരെയും പ്രദർശകരെയും ഉൾക്കൊള്ളിച്ചുകൊണ്ട്, അറബ് ലോകത്ത് പുസ്തകവിപണിയുടെ പുനരുജ്ജീവനത്തിനുള്ള തുടക്കമാകാനാണ് മേള ഒരുങ്ങുന്നത്. 2020-ൽ, രോഗവ്യാപനത്തിന്റെ ആശങ്കകൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളായ യൂറോപ്പിലെയും അമേരിക്കയിലെയും പുസ്തകോത്സവ നഗരികൾപോലും അടഞ്ഞുകിടക്കുകയോ ഓൺലൈനിൽ മാത്രം നടത്തുകയോ ചെയ്തപ്പോഴും എണ്ണിത്തീരാത്ത സ്റ്റാളുകളിൽ വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശ്രേണിയൊരുക്കി, ഒന്നൊന്നായി തിരഞ്ഞെടുക്കുന്നതിന്റെ ആനന്ദം ബുക്ക് അതോറിറ്റി അധികൃതർ ആസ്വാദകർക്ക് ഉറപ്പുവരുത്തിയിരുന്നു. അറബ് മേഖലയിലെ പുസ്തകവിപണിക്ക്‌ ഈ വർഷത്തെ മേള എല്ലാ അർഥത്തിലും തളർച്ചയിൽ നിന്നുള്ള പുത്തനുണർവ് പകരുന്നതാണ്. എല്ലാത്തവണത്തെയും പോലെ, വിരുദ്ധമേഖലകളിൽ നിന്നുള്ള വൈവിധ്യമാർന്ന അന്താരാഷ്ട്ര പ്രതിഭകളെ ഷാർജ പുസ്തകോത്സവ നഗരിയിലേക്ക് എത്തിക്കാനാണ് ഇത്തവണയും സംഘാടകർ ശ്രമിക്കുന്നത്.

ഗൾഫിലെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 40-ാമത് പതിപ്പിൽ, ഇത്തവണ മികച്ച സന്ദർശകപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം പങ്കെടുക്കുന്ന പ്രസാധകരുടെയും അതിഥികളായെത്തുന്ന വിശിഷ്ടവ്യക്തികളുടെയും എണ്ണത്തിലും വർധന ഉണ്ടാകുമെന്നും സംഘാടകരായ ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.