ഷാർജ: വനവത്കരണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് ഷാർജ പരിസ്ഥിതി സംരക്ഷണ വകുപ്പ് കിഴക്കൻ പ്രദേശങ്ങളിൽ ചെടികൾ നട്ടുകൊണ്ട് വനവത്കരണ പ്രചാരണത്തിന് തുടക്കമിട്ടു. അൽ ബതായ പരിസ്ഥിതി സംരക്ഷണമേഖലയിൽ പരിസ്ഥിതി വകുപ്പ് ചെയർപേഴ്‌സൺ ഹാന സെയ്ഫ് അൽ സുവൈദി ഗാഫ് മരത്തിന്റെ ചെടിനട്ടുകൊണ്ടാണ് പ്രചാരണത്തിന് തുടക്കമിട്ടത്. വിവിധ അതോറിറ്റികളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ഒരു പരിധിവരെ തടയാൻ കാടുകൾക്ക് സാധിക്കുമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു. ഷാർജ മലീഹ ഏരിയയിലെ മരുഭൂമികളിൽ ചെടികൾ വെച്ചുപിടിപ്പിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.

ഷാർജ നഗരസഭ, വിദ്യാഭ്യാസ മന്ത്രാലയം, സ്വകാര്യ വിദ്യാഭ്യാസ വകുപ്പ്, കൃഷി മന്ത്രാലയം, ഷാർജ പോലീസ്, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി, എമിറേറ്റ്‌സ് അസോസിയേഷൻ ഫോർ വൊളന്റീയർ, ബീഹ തുടങ്ങിയ വിവിധ അതോറിറ്റികളും ഷാർജ ഹരിതഭൂമിയാക്കാൻ വകുപ്പുമായി സഹകരിക്കുന്നുണ്ട്. 2000-ത്തിലേറെ സ്കൂൾ കോളേജ് വിദ്യാർഥികളും പ്രചാരണത്തിന്റെ ഭാഗമാകും. സ്കൂളുകളിൽ പരിസ്ഥിതി സംരക്ഷണവും വനവത്കരണവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും സംഘടിപ്പിക്കുന്നു. 2017-ലാണ് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണം വനവത്കരണ പ്രചാരണപ്രവർത്തനങ്ങൾക്കായി ചെടികൾ വെച്ചുപിടിപ്പിക്കുന്ന സംരംഭം ആരംഭിച്ചത്.

Content Highlight: sharjah forestation