അശോക് കുമാർ
അശോക് കുമാർ

അഞ്ചാലുംമൂട് (കൊല്ലം) : ഷാർജയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പ്രാക്കുളം പുത്തേത്ത്മുക്കിന് സമീപം ഗോൾഡൻസണിൽ പുരുഷോത്തമന്റെ മകൻ അശോക് കുമാർ (46) ആണ് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ നാലിന് മരിച്ചത്.

അശോക് കുമാർ കുറച്ചുനാളായി അൾസർ രോഗത്തിന് മരുന്ന് കഴിച്ചുവരികയായിരുന്നു. പനിയുടെ ലക്ഷണങ്ങൾമൂലം വ്യാഴാഴ്ച ആശുപത്രിയിലെത്തി ചികിത്സതേടിയപ്പോൾ കൊറോണ രോഗം പരിശോധിക്കുന്നതിനായി സ്രവം എടുത്ത് പരിശോധനയ്ക്കയച്ചു.

തുടർന്ന് മറ്റൊരു മുറിയിലേക്ക് താമസവും മാറിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാംനിലയിൽനിന്ന് വീണ് മരിച്ചനിലയിൽ അശോക് കുമാറിനെ കണ്ടെത്തുകയായിരുന്നു. പ്രാക്കുളത്ത് അശോക് കുമാറിന്റെ വീടിന്റെ അടുത്താണ് വിദേശത്തുനിന്ന് എത്തിയ യുവാവ് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നത്. അദ്ദേഹം രോഗമുക്തി നേടിയിരുന്നു.

ഞായറാഴ്ച പരിശോധനയുടെ ഫലം വന്നതിനുശേഷമേ തുടർനടപടികളിലേക്ക് നീങ്ങൂ. ഷാർജയിലെ ഗോൾഡൻസൺ കമ്പനിയിലെ സൂപ്പർവൈസറായിരുന്നു അശോക് കുമാർ. 2019 മാർച്ചിൽ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: സൂര്യ, സൂരജ്. അമ്മ: ആനന്ദവല്ലി.