ഷാർജ: ഷാർജയിൽ 11 ദിവസം നീണ്ടുനിന്ന 37-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. സമാപനദിവസമായ ശനിയാഴ്ച വലിയ ജനക്കൂട്ടമാണ് മേള നടക്കുന്ന എക്‌സ്‌പോ സെന്ററിൽ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വായനക്കാരും എഴുത്തുകാരും പ്രഭാഷകരും പുസ്തകോത്സവത്തിൽ പങ്കെടുത്തു.
ശശി തരൂർ എം.പി., കരൺ ഥാപ്പർ, കനിമൊഴി, ഗൗർ ഗോപാലദാസ്, പ്രകാശ് രാജ്, മനു എസ്. പിള്ള, നന്ദിതദാസ്, മലയാളി എഴുത്തുകാരായ യു.കെ. കുമാരൻ, കെ.വി. മോഹൻകുമാർ, കെ. ജയകുമാർ, ഡോ. എം.കെ. മുനീർ, എസ്. ഹരീഷ്, സന്തോഷ് ഏച്ചിക്കാനം, സിസ്റ്റർ ജെസ്മി തുടങ്ങിയ പ്രമുഖർ വിവിധ പരിപാടികളിൽ പങ്കെടുത്തു.
പി. രാമൻ, അൻവർ അലി, ദിവാകരൻ വിഷ്ണുമംഗലം എന്നിവരുടെ കവിതകളും ശ്രദ്ധയാകർഷിച്ചു. ബിനോയ് വിശ്വം എം.പി., മന്ത്രിമാരായ ഡോ. കെ.ടി. ജലീൽ, ജി. സുധാകരൻ, സി.പി.എം. നേതാവ് എം.എ. ബേബി, ബി.ജെ.പി. നേതാവ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള, ഡോ. കെ.പി. സുധീര, ജോയ് മാത്യു, മുനവ്വറലി തങ്ങൾ, നടൻ മനോജ് കെ. ജയൻ തുടങ്ങിയവരുടെ കൃതികളും പ്രകാശനം ചെയ്തു.