അങ്ങനെ മറ്റൊരു പുസ്തകമേളയ്ക്കുകൂടി തിരശ്ശീല വീണു. പതിനൊന്ന് ദിവസങ്ങൾ പുസ്തകപ്രേമികൾക്കും വായനക്കാർക്കും മികച്ച അനുഭവങ്ങൾ നൽകിയാണ് ഇത്തവണയും ഷാർജയുടെ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചത്. ലക്ഷക്കണക്കിന് സന്ദർശകർ, പുസ്തകങ്ങൾ.. അക്ഷരവസന്തത്തിന്റെ ഈ വർഷവും ആവേശം നിറഞ്ഞതായിരുന്നു. ഇപ്പോൾ ലോകത്ത് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന പുസ്തകമേള ഒരു ചുവടുമുന്നിലേക്ക് എത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിട്ടുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഷാർജ. നാട്ടിലെ ഉത്സവത്തിനോ തെയ്യത്തിനോ പെരുന്നാളിനോ കാത്തിരിക്കുന്നതുപോലെ ഇപ്പോൾ പ്രവാസികളുടെ മനസ്സിലെ കലണ്ടറുകളിൽ പുസ്തകോത്സവത്തിനും ഇടമുണ്ട്. അതുകൊണ്ടുതന്നെ ഇനി അടുത്ത നവംബറിലേക്കുള്ള കാത്തിരിപ്പായി.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ആയിരത്തി എഴുനൂറിലേറെ പ്രസാധകർ, എണ്ണിയാൽ തീരാത്ത പുസ്തകങ്ങൾ, പുതിയ പുതിയ ശീർഷകങ്ങൾ. അതെല്ലാം കാണാനും പുസ്തകങ്ങൾ സ്വന്തമാക്കാനുമായി തടിച്ചുകൂടുന്ന പുരുഷാരം. ഇതാണ് ഷാർജ പുസ്തകോത്സവത്തെ എന്നും ശ്രദ്ധേയവും വ്യത്യസ്തവുമാക്കുന്നത്. ഓരോ വർഷം പിന്നിടുന്തോറും കൂടുതൽ പ്രശസ്തിയിലേക്കും വൈപുല്യത്തിലേക്കും കുതിക്കുന്ന പുസ്തകോത്സവത്തിന്റെ താങ്ങും തണലും ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമിയാണ്.

പുസ്തകമേളയും ബിനാലെയുമെല്ലാം ചേർന്ന് ഷാർജയെ അറബ് ലോകത്തിന്റെ തന്നെ സാംസ്കാരിക കേന്ദ്രമായി ഇതിനകം മാറ്റിക്കഴിഞ്ഞു. അടുത്തവർഷം പുസ്തകങ്ങളുടെ തലസ്ഥാന നഗരം എന്ന വിശേഷണംകൂടി ഷാർജ നേടാനിരിക്കുന്നു. ഓരോവർഷവും പുതിയ പുതിയ പ്രസാധകരും പുസ്തകപ്രേമികളും ഷാർജ മേളയിലെത്തുന്നുണ്ട്. അവർക്കും ഷാർജ എന്നും പുതിയ അനുഭവമായിരുന്നു. അയൽരാജ്യങ്ങളിൽനിന്നുപോലും ധാരാളംപേർ ഇത്തവണയും പുസ്തകങ്ങൾ വാങ്ങാൻ എത്തി. ഇത്തവണ മേള കാണാനും ആസ്വദിക്കാനുമായി കേരളത്തിൽനിന്ന് ധാരാളം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും എത്തിയെന്നതും സവിശേഷതയാണ്. കേരളം എത്രമാത്രം ആദരവോടെ ഈ മേള നോക്കിക്കാണുന്നു എന്നതിന് അവരുടെ വരവുതന്നെ സാക്ഷ്യം.

ഇന്ത്യൻ പവിലിയൻ എന്ന് പറഞ്ഞാൽ കേരളത്തിന്റെ മലയാളത്തിന്റെ പവിലിയൻ എന്ന് വിശേഷിപ്പിച്ചാലും അധികമാവില്ല. വാരാന്ത്യങ്ങളിൽ പുസ്തകം വാങ്ങാനും കാണാനുമായി ക്യൂനിൽക്കുകയായിരുന്നു പ്രവാസി മലയാളികൾ. അവധിദിവസങ്ങളിൽ മിക്കവാറും എല്ലാ സ്റ്റാളുകളിലും കാലുകുത്താൻ ഇടമില്ലായിരുന്നു. അത്രക്കായിരുന്നു പ്രവാസികളുടെ തിരക്ക്. മലയാളത്തിൽനിന്ന്‌ എത്തിയ എഴുത്തുകാരെ കേൾക്കാനും വൻജനാവലിയാണ് എത്തിയത്. കേരളത്തിൽ ഒരിടത്തുപോലും ഇങ്ങനെയൊരു തിരക്കോ ജനപങ്കാളിത്തമോ പുസ്തകമേളയിൽ കാണാൻ കഴിയില്ല എന്ന് ഓരോ വർഷവും ഇവിടെയെത്തുന്ന അതിഥികളായ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും എടുത്തുപറയുന്നു.

പുസ്തകം വാങ്ങാനെത്തുന്ന പ്രവാസികളും അത് സമ്മതിക്കുന്നു. നാട്ടിലായിരിക്കുമ്പോൾ പുസ്തകശാലകളിൽ പോകാത്തവർ പോലും ഇവിടെ ഒറ്റക്കും കുടുംബവുമായി മേളയിലേക്ക് എത്തുന്നു. പ്രഭാഷണങ്ങൾ കേൾക്കുന്നു. പുസ്തകങ്ങൾ മാറോടു ചേർത്തുവെച്ച് കൊണ്ടുപോകുന്നു. ഇങ്ങനെ ഒരാവേശം എങ്ങനെ രൂപപ്പെട്ടുവെന്ന് ഓർത്ത് അവർ പോലും അദ്ഭുതപ്പെടുന്നു. ഷാർജ മേളയിൽ ഒരു പുസ്തകം പ്രകാശിപ്പിക്കുക എന്നതും ഇന്ന് ഒരു എഴുത്തുകാരന്റെ മോഹമായിരിക്കുന്നു. ഇത്തവണ മലയാളത്തിൽ മാത്രം നൂറ്റമ്പതിലേറെ പുസ്തകങ്ങളാണ് പ്രകാശിതമായത്.

ഗൃഹാതുരത്വത്തിന്റെ പതിവ് രചനാസങ്കേതങ്ങളിൽനിന്ന് പ്രവാസിമലയാളിയുടെ എഴുത്തും വായനയും സർഗാത്മകമായി എത്രയോ ഉയരത്തിലേക്ക് മാറിയിരിക്കുന്നു എന്ന് ഷാർജ പുസ്തകോത്സവം നമ്മോട് പറയുന്നു. കേരളത്തിൽനിന്ന് മാറിനിൽക്കുമ്പോൾ മലയാളഭാഷയോട് അവർ എത്രമാത്രം പ്രിയം പ്രകടിപ്പിക്കുന്നു എന്നതിന്റെ കൂടി ദിശാസൂചികയായിരുന്നു പുസ്തകമേളയിലെ ഈ നിറസാന്നിധ്യം.

ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി കടൽ കടന്നെത്തിയ മലയാളികൾക്ക് ഭാഷയും കേരളത്തിന്റെ ആചാരങ്ങളും ആഘോഷങ്ങളും സംസ്കാരവുമൊക്കെ എത്രയും വിലപിടിച്ചതാണെന്ന് ഇവിടെ നടക്കുന്ന ഓരോ പരിപാടിയും വിളിച്ചുപറയുന്നു. എഴുത്തും വായനയും ഒരു സംഘം ബുദ്ധിജീവികളുടേത് മാത്രമല്ല എന്നും അവർ നമ്മോട് പറയാതെ പറയുന്നു.

ഷാർജ പുസ്തകമേളയ്ക്ക് ശനിയാഴ്ച കൊടിയിറങ്ങിയപ്പോൾ തിളങ്ങിനിൽക്കുന്നത് ഒരേ ഒരാൾ തന്നെ. ഈ അക്ഷരസദ്യ ഒരുക്കിയ ഷാർജ ഭരണാധികാരിയോട് നാം കടപ്പെടുക കൂടിയാണ്. ഏതു മേളയും വ്യാപാരത്തിന്റെ കൂടി കണക്കുകൾ പറയുന്നതാണ്. പക്ഷേ, അങ്ങനെയൊരു കണക്ക് കൂട്ടൽ തുടക്കംമുതൽ ഇല്ലായിരുന്നു എന്നതാണ് ഷാർജ പുസ്തകമേളയുടെ വിജയം. ഓരോ വർഷം പിന്നിടുന്തോറും കൂടൂതൽ മേഖലകളിലേക്ക് വ്യാപിക്കുന്ന ഷാർജ പുസ്തകോത്സവം ആ നാടിന്റെ ഭരണാധികാരിയുടെ ധിഷണാശക്തികൂടിയാണ് വിളിച്ചോതുന്നത്. 37 വർഷമായി മുടങ്ങാതെ അദ്ദേഹം തന്നെ മേള ഉദ്ഘാടനം ചെയ്യുന്നു. വേണമെങ്കിൽ ഉത്തരവിട്ട് ഉദ്ഘാടനം നടത്തിയാൽ തന്നെ ധാരാളം. പക്ഷേ, പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത ദാഹമാണ് അദ്ദേഹത്തിനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. പുസ്തകങ്ങളെ പ്രണയിക്കുന്നവർക്കായി ഇനിയും പുതിയ, വലിയ ആകാശങ്ങളിലേക്ക് ഷാർജ പുസ്തകോത്സവം വളരുക തന്നെ ചെയ്യും. ഓരോ മേളയും അതാണ് ഉറക്കെ പറയുന്നത്.

അതേസമയം ചില അനഭിലഷണീയമായ കാര്യങ്ങളും മേളയിൽ നടക്കുന്നുവെന്ന നിരവധി പ്രസാധകരുടെ പരിഭവവും സംഘാടകർ കാണാതെ പോകരുത്. ചില പ്രത്യേക പുസ്തക പ്രസാധകരുടെ ഇഷ്ടാനിഷ്ടങ്ങളാണ് അതിഥികളായി എഴുത്തുകാരെ കൊണ്ടുവരുന്നതിൽ നിഴലിക്കുന്നത് എന്നതാണ് അതിൽ പ്രധാനം. അവർ പ്രസിദ്ധീകരിച്ച അത്തരം എഴുത്തുകാരുടെ പുസ്തകങ്ങൾ വിറ്റഴിക്കാനും പ്രചാരം കൂട്ടാനുമുള്ള വേദിയായി ഷാർജയെ മാറ്റിയെടുക്കുകയാണെന്നും സാംസ്കാരികമേഖലയിൽ ഇത് തെറ്റായ പ്രവണത സൃഷ്ടിക്കുന്നുവെന്നുമുള്ള ഇതര പ്രസാധകരുടെ പരാതി പുതിയതല്ല. മേളയിൽ വേദികളും സമയവും അനുവദിച്ചുനൽകുന്നതിൽ വരെ ഈ വിവേചനം നിലനിൽക്കുന്നു എന്ന ആക്ഷേപത്തിലും കഴമ്പില്ലെന്ന് പറയാനാവില്ല. ഇക്കാര്യത്തിൽ സംഘാടകർ തന്നെയാണ് കുറെക്കൂടി ശ്രദ്ധയും മുൻകരുതലും സ്വീകരിക്കേണ്ടത്. ഏറെ പ്രയാസങ്ങൾ സഹിച്ചാണ് പല ചെറുകിട പ്രസാധകരും മേളയിലെത്തുന്നത്. അവരെക്കൂടി പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാവണം എഴുത്തുകാരെ ക്ഷണിക്കുന്നതും പരിപാടികളിൽ പങ്കാളിത്തം നൽകുന്നതും. ഓരോ വർഷവും ഈ വിഷയം മേളയിൽ ഉയർന്നുവരുന്നു. പക്ഷേ, അത് വേണ്ടവിധത്തിൽ പരിഗണിക്കപ്പെടുന്നില്ലെന്ന് മാത്രം. മേളയിലെ ഈ കല്ലുകടി അവസാനിപ്പിക്കാനും സംഘാടകർ ശ്രമിക്കണം.