ഷാർജ: അക്ഷരസ്നേഹികളുടെ ആവേശത്തിമർപ്പിനിടയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച രാവിലെ തുടക്കമായി.
ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് മുപ്പത്തിയേഴാം വർഷവും പുസ്തകമേള ഉദ്ഘാടനം ചെയ്തത്.
ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അൽജീരിയൻ സാംസ്കാരിക മന്ത്രി അസെൽഡീൻ മിഹൂബിയെയും വിവിധ പുരസ്കാരജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. നവംബർ പത്ത് വരെയാണ് മേള.

77 രാജ്യങ്ങളിൽനിന്നായി 1874 പ്രസാധകരാണ് ഈ വർഷം പങ്കെടുക്കുന്നത്. 16 ലക്ഷം ശീർഷകങ്ങളിലായി രണ്ടുകോടി പുസ്തകങ്ങൾ മേളയിൽ വില്പനയ്ക്കുണ്ട്. ക്ഷണിക്കപ്പെട്ട 470 എഴുത്തുകാരാണ് വിവിധ ലോകരാജ്യങ്ങളിൽനിന്ന് മേളയ്ക്കെത്തുന്നത്. 1800 സാംസ്കാരിക, വിനോദപരിപാടികൾ അരങ്ങേറുന്ന മേളയുടെ വേദികളിലെല്ലാം പ്രവേശനം സൗജന്യമാണ്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ വൈകീട്ട് നാല് മുതൽ രാത്രി പതിനൊന്ന് വരെയും. ഈ വർഷത്തെ അതിഥി രാഷ്ട്രം ജപ്പാനാണ്. ജപ്പാനും പെറുവുമടക്കം ഒട്ടേറെ രാജ്യങ്ങൾ ഷാർജ പുസ്തകമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. ചേതൻ ഭഗത്, ശശി തരൂർ, ഗൗർ ഗോപാൽ ദാസ്, കരൺ ഥാപ്പർ, ഡോ.എൽ. സുബ്രമണ്യം, എം.കെ. കനിമൊഴി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇന്ത്യയിൽനിന്ന് മേളയ്ക്കെത്തുന്നുണ്ട്.