ഷാർജ: ലോകത്തിലെ ഏറ്റവുംവലിയ മൂന്നാമത്തെ പുസ്തകമേള എന്ന ഖ്യാതിയോടെ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. മേളയുടെ 37-ാം വർഷമാണിത്. ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ അക്ഷരങ്ങളുടെ കഥ എന്ന ആശയത്തിലാണ് ഇത്തവണത്തെ മേള. 77 രാജ്യങ്ങളിൽനിന്നായി 16 ലക്ഷം ശീർഷകങ്ങളിലായി രണ്ടുകോടി പുസ്തകങ്ങളാണ് പത്തുദിവസം നീളുന്ന പുസ്തകോത്സവത്തിൽ അണിനിരത്തുന്നത്. 1800-ലേറെ സാംസ്കാരികപരിപാടികളും ഈ ദിവസങ്ങളിൽ നടക്കും. ഈ വർഷത്തെ സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അൾജീരിയ സാംസ്കാരികമന്ത്രി അസെൽദീൻ മിഹൗബി ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തും. ജപ്പാനാണ് മേളയിലെ അതിഥിരാഷ്ട്രം.
മലയാളത്തിൽനിന്ന് ഇത്തവണയും ഒട്ടേറെ എഴുത്തുകാർ എത്തുന്നുണ്ട്. മാതൃഭൂമി ബുക്സ് ഉൾപ്പെടെ മലയാളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയിലുണ്ട്. 77 രാജ്യങ്ങളിൽനിന്നായി മൊത്തം 1,874 പ്രസാധകരാണ് മേളയിലുള്ളത്. ഇന്ത്യൻ പ്രസാധകരെല്ലാം ഈവർഷവും ഏഴാംനമ്പർ ഹാളിലാണ്. നൂറ്റമ്പതിലേറെ മലയാളപുസ്തകങ്ങളാണ് ഇത്തവണ ഷാർജമേളയിൽ പ്രകാശനം ചെയ്യുന്നത്.