ഷാർജ : സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. മതിയായനിർദേശം ലഭിച്ചാൽ യാത്രക്കാരെ സ്വാഗതം ചെയ്യാൻ വിമാനത്താവളം തയ്യാറാകുമെന്ന് അതോറിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ കർശന മാനദണ്ഡങ്ങൾ പാലിച്ചാകും വിമാനത്താവളത്തിന്റെ പ്രവർത്തനം. കോവിഡ്-19 പടരുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിലെ മാർഗനിർദേശങ്ങൾ പാലിക്കുമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.

വിമാനത്താവളത്തിൽ ജോലിക്കെത്തുന്ന എല്ലാ ജീവനക്കാർക്കും ഇലക്ട്രോണിക് ഫിംഗർ പ്രിന്റ് സജീവമാക്കും. ജീവനക്കാരും യാത്രക്കാരും എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കണം. വിമാനത്താവളത്തിനുള്ളിലെ ഇരിപ്പിടങ്ങൾ, ഗേറ്റുകൾ, എസ്‌കലേറ്റർ തുടങ്ങി എല്ലാം ഇടയ്ക്കിടെ അണുവിമുക്തമാക്കും. ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്യും.

വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും കൈയുറകളും മുഖാവരണവും ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

യു.എ.ഇ.യിലുള്ള വിവിധ രാജ്യക്കാരായ പ്രവാസികളെ മാതൃ രാജ്യത്തെത്തിക്കാൻ സർവീസുകൾ നടത്തുമെന്ന് എയർ അറേബ്യ അറിയിച്ചിരുന്നു. അഫ്ഗാനിസ്താൻ, ഇറാൻ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, സുഡാൻ, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. എന്നാൽ ഇന്ത്യയിൽ ലോക്‌ഡൗൺ കഴിയാതെ വിമാനം ഇറക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.

അതിനിടെ വിദേശങ്ങളിലുള്ള യു.എ.ഇ. പൗരന്മാരെ അടിയന്തരമായി സ്വദേശത്തെത്തിക്കാനുള്ള നടപടികൾ ഷാർജയും സ്വീകരിച്ചു. ഇതിനും ഷാർജ വിമാനത്താവളം സജ്ജമായതായി അധികൃതർ അറിയിച്ചു. അബുദാബി, ദുബായ് വിമാനത്താവളങ്ങൾ സ്വദേശികളെ കൊണ്ടുവരാനായി നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് ഷാർജയും വിദേശങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കുന്നത്.