ഷാർജ: പകൽ മുഴുവൻ തുറസ്സായ പാർക്കിൽ, രാത്രി ഒറ്റമുറിക്കടയിൽ...ഇതിനിടയിൽ ആരെങ്കിലും സഹായിച്ചാൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കും... അതും കൃത്യമായി ലഭിക്കാറുമില്ല.

പ്രവാസജീവിതത്തിലെ കയ്‌പ്പേറിയ കാലത്തിലൂടെ കടന്നുപോവുകയാണ് ഷാർജയിൽ ഒരു മലയാളി കുടുംബം. പയ്യന്നൂർ കോറോം സ്വദേശി രവിയും ഭാര്യ ഇന്ദുവും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ് സാമ്പത്തികബാധ്യത കാരണം ദുരിതത്തിലായത്. പത്ത് വർഷമായി ഷാർജയിലുള്ള രവി അഞ്ചുവർഷത്തോളം ദുബായ് ദെയ്‌രയിൽ ആയുർവേദ മരുന്നുഷോപ്പ് നടത്തുകയായിരുന്നു. നല്ലനിലയിൽ കച്ചവടം നടന്നിരുന്ന കടയിൽ ക്രമേണ കച്ചവടം കുറഞ്ഞതോടെയാണ് കഷ്ടപ്പാടുകൾ തുടങ്ങിയത്.

ഇന്ദുവിന് ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്നു, അങ്ങിനെയാണ് ഇന്ദുവിന്റെ ശമ്പള സർട്ടിഫിക്കറ്റ് ബാങ്കിൽവെച്ച് 1,20,000 ദിർഹം വായ്പയെടുത്ത് രവി കട തുടങ്ങിയത്. നാലര വർഷംകൊണ്ട് ഇന്ദുവിന്റെ ശമ്പളത്തിൽനിന്ന് ബാങ്ക് വായ്പ അടച്ചുതീർക്കവേ പെട്ടെന്ന് അവരുടെ ജോലി നഷ്ടപ്പെട്ടു. ലോൺ ഇനത്തിൽ ബാങ്കിൽ 17,000 ദിർഹത്തോളംകുടിശ്ശികയായി. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച വക 58,000 ദിർഹം വേറെയും ബാധ്യതയുണ്ടായിരുന്നു. ജോലി നഷ്ടപ്പെട്ടിട്ടും കടയിലെ തുച്ഛമായ വരുമാനമുപയോഗിച്ച് പിഴയടക്കം വായ്പ അടച്ചുതീർത്തെങ്കിലും ക്രെഡിറ്റ് കാർഡ് വകയിലുള്ള തുകയൊന്നും തിരിച്ചടയ്ക്കാനായില്ല. പണം തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഇന്ദുവിന്റെ പേരിൽ പോലീസിൽ പരാതി നൽകി. ഇതോടെ അവർക്ക് യാത്രാവിലക്ക് വരികയും ചെയ്തു.

പിഴയടക്കം ചുരുങ്ങിയത് 78,000 ദിർഹം ബാങ്കിലടച്ചാൽ മാത്രമേ ഇന്ദുവിന്റെ പേരിലുള്ള കേസ് അവസാനിക്കുകയുള്ളൂ. അതിനിടയിൽ ഷാർജയിലെ താമസിക്കുന്ന ഫ്ളാറ്റ് വാടക കുടിശ്ശികയടക്കം 26,000 ദിർഹം കൊടുക്കാത്തതിനാൽ രവിയുടെ പേരിൽ കെട്ടിടയുടമ നഗരസഭയിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നഗരസഭാധികൃതർ ഫ്ളാറ്റ് പൂട്ടി നോട്ടീസ് പതിച്ചു. സാധനങ്ങളെല്ലാം മുറിയിലായതിനാൽ മാറ്റിയുടുക്കാൻ വസ്ത്രം പോലുമില്ലാത്ത നിലയിലാണ് കുടുംബം. ദേരയിലെ കടയുടെ വാടകയായും 24,000 ദിർഹം ഉടമയ്ക്ക് കൊടുക്കാനുണ്ട്, രണ്ടുദിവസത്തിനകം പണം കൊടുത്തില്ലെങ്കിൽ കട പൂട്ടുമെന്ന് ഉടമയും അന്ത്യശാസനം നൽകി. മകളുടെയും മകന്റെയും പഠനംമുടങ്ങുന്ന സാഹചര്യമാണിപ്പോൾ. സ്കൂൾഫീസിനത്തിൽ ആറായിരം ദിർഹം കൊടുക്കാനുണ്ട്. നല്ലകാലത്ത് സുഹൃത്തുക്കൾക്ക് പലർക്കും പണം കടംനൽകി സഹായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തരാനുള്ളവർപോലും മുഖം തിരിക്കുകയാണെന്ന് ഇന്ദു പറയുന്നു.

ജനുവരി 19 മുതൽ ഷാർജ സൗദി പള്ളിയ്ക്ക് സമീപത്തുള്ള പാർക്കിലാണ് രവിയും കുടുംബവും കഴിയുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും ബുദ്ധിമുട്ടുകയാണ്. വാടക കുടിശ്ശികയുടെ പേരിൽ ഉടമ കടയും അടച്ചുകഴിഞ്ഞാൽ പൂർണമായും രവിയുടെ കുടുംബം ഇരുട്ടിലാവും. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇവർ. ഫോൺ: 052 4952672 , 056 8566550