ഷാർജ: തന്റെ എഴുത്തും സാംസ്കാരിക പ്രവർത്തനവും എല്ലാ കാലത്തും ഇരകൾക്ക് വേണ്ടിയാണെന്ന് ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. തന്റെ അമ്പതാമത്തെ പുസ്തകമായ ‘എൻഡോസൾഫാൻ, നിലവിളികൾ അവസാനിക്കുന്നില്ല’ ഉൾപ്പെടെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻഡോസൾഫാൻ വിഷത്തിനെതിരേ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ ഭാഗമാണ് എഴുത്ത്. ഉള്ളിലടക്കാൻ കഴിയാത്ത സങ്കടങ്ങളാണ് എഴുത്തായി പുറത്തുവരുന്നത്. എൻമകജെ എന്ന കൃതി നോവലല്ലെന്നും അതൊരു നോവാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം ഏറെ വായിക്കപ്പെടുകയും എട്ട് സർവകലാശാലകളിൽ പാഠപുസ്തകമാവുകയും ചെയ്ത ആ കൃതിയിൽനിന്നും കിട്ടിയ റോയൽറ്റി മുഴുവൻ എൻഡോസൾഫാൻ ഇരകൾക്കാണ് നൽകിയത്. എഴുത്ത് ഉപജീവനമാർഗമായി കണ്ടിട്ടില്ല, മറിച്ച് അതൊരു ആക്ടിവിസമാണെന്നും അംബികാസുതൻ മാങ്ങാട് വ്യക്തമാക്കി.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പ്രകാശനം ചെയ്തു. ഷാബു കിളിത്തട്ടിൽ, മൊയ്തീൻകുഞ്ഞി സിലോൺ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. യുണൈറ്റഡ് മാങ്ങാട് ജി.സി.സി. വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്നു പുസ്തകപ്രകാശനം. ആഘോഷം അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ആരിഫ് സിലോൺ അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് 40 വർഷം പൂർത്തിയാക്കിയ മാങ്ങാട് സ്വദേശികളായ കുഞ്ചാമു ഹാജി, മുല്ലച്ചേരി രവിചന്ദ്രരാമൻ, കുഞ്ഞഹമ്മദ് പുഞ്ചാവി എന്നിവരെ ആദരിച്ചു. അഡ്വ. എം.കെ. മുഹമ്മദ് കുഞ്ഞി, അഷറഫ് മാങ്ങാട്, ടി.വി. അബ്ദുല്ല മാങ്ങാട് എന്നിവർ സംസാരിച്ചു. ഖാദർ മുന്ന നന്ദി പറഞ്ഞു. യു.എ.ഇ. യിലെ ആറ് ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റും ഉണ്ടായിരുന്നു.