ഷാർജ: നിനച്ചിരിക്കാതെ എത്തിയ ഷാർജ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (സേവ) ചെയർമാൻ ഡോ. റാഷിദ് അലീമിന്റെ ഫോൺ കുഞ്ഞെഴുത്തുകാരിയായ അനൂജ നായർക്ക് സന്തോഷവും അതിശയവുമായിരുന്നു. അനൂജയുടെ 48 കവിതകളുടെ സമാഹാരമായ ഷിമ്മർ ആൻഡ് ഷൈൻ എന്ന പുസ്തകം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഡോ. റാഷിദിന്റെ അപ്രതീക്ഷിത വിളി.

ഉടൻ മാതാപിതാക്കളായ രാമചന്ദ്രൻ നായരും അനിതയും മകൾ അനൂജയെ കൂട്ടി സേവ ചെയർമാന്റെ ഓഫീസിലെത്തി. പുസ്തകം സ്വീകരിച്ച റാഷിദ് അലീമിനെക്കുറിച്ച് അനൂജ നിമിഷനേരംകൊണ്ട് ഒരു കവിതയെഴുതി സമർപ്പിക്കുകയും ചെയ്തു. റാഷിദ് അലീം നൽകിയ സമ്മാനപ്പൊതിയും മനംനിറയെ സന്തോഷവുമായാണ് അനൂജ അവിടെ നിന്നിറങ്ങിയത്.

ഷാർജ എമിറേറ്റ്‌സ് നാഷണൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അനൂജയുടെ ആദ്യ കവിതാസമാഹാരമാണ് ഷിമ്മർ ആൻഡ് ഷൈൻ. കഴിഞ്ഞ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ചടങ്ങിലേക്ക് അനൂജയും കുടുംബവും സേവ ചെയർമാൻ ഡോ. റാഷിദ് അലീമിനെ ക്ഷണിച്ചിരുന്നു. എന്നാൽ വിദേശയാത്ര പോകുന്നതിനാൽ ചടങ്ങിലെത്താൻ സാധിക്കില്ലെന്ന് അന്നുതന്നെ ഡോ. റാഷിദ് അനൂജയെ അറിയിച്ചു. പിന്നൊരിക്കൽ പുസ്തകം തരണമെന്നും വായിക്കാമെന്നും അദ്ദേഹം അനൂജയോട് പറയുകയും ചെയ്തു. അനൂജയുടെ ക്ഷണം ഓർമയിൽ സൂക്ഷിച്ചുകൊണ്ട് വിളിച്ച് പുസ്തകം സ്വീകരിച്ചപ്പോൾ ഭാവിയിൽ കൂടുതൽ എഴുതാനുള്ള പ്രചോദനവും ജീവിതത്തിലെ അനർഘ നിമിഷങ്ങളുമായിരുന്നു ഡോ. റാഷിദ് അൽ ലീമിൽനിന്ന്‌ ലഭിച്ചതെന്നും അനൂജ പറഞ്ഞു. തൃശ്ശൂർ പുന്നയൂർക്കുളം സ്വദേശിനിയാണ് അനൂജാ നായർ.